തിരുവനന്തപുരം: അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തിവന്ന സ്ഥാപനത്തിന്റെ ഉടമ പൊലീസിന്റെ പിടിയില്‍. കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബ്രിക്സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിനെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി ഉയര്‍ന്നിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് വള്ളക്കടവ് പെരുന്താന്നി സ്വദേശിയായ ഷംനാദിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, നേഴ്സിങ് അസിസ്റ്റന്റ്, സപ്ലൈ ചെയിന്‍ തുടങ്ങിയ കോഴ്സുകളാണ് ഈ സ്ഥാപനത്തില്‍ നടത്തിവന്നിരുന്നത്.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സ് വെറും ആറുമാസം കൊണ്ട് പഠിപ്പിച്ചു തീര്‍ക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 60,000 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്.
കോഴ്സ് ഫീസിന് പുറമെ പുസ്തകങ്ങള്‍ക്കായി പണം വാങ്ങിയെങ്കിലും, ക്ലാസ് തുടങ്ങി മൂന്നു മാസമായിട്ടും പാഠപുസ്തകങ്ങള്‍ നല്കാന് സ്ഥാപന അധികൃതര്‍ തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിവിധ തുകകളിലായി 3 മുതല്‍ 40,000 രൂപ വരെ ഫീസ് അടച്ച 13 വിദ്യാര്‍ഥികളാണ് സ്ഥാപനത്തിനെതിരെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഈ കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ചെയ്യാന്‍ സാധിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക എന്നായിരുന്നു വിദ്യാര്‍ഥികള്‍ക്ക് നല്കിയ ഉറപ്പ്. എന്നാല്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഈ കോഴ്സുകള്‍ക്ക് യാതൊരുവിധ അംഗീകാരവുമില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെട്ടത്.
തുടർന്ന് തങ്ങള്‍ നല്കിയ ഒറിജിനൽ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും അടച്ച പണവും തിരികെ ആവശ്യപ്പെട്ടെങ്കിലും സ്ഥാപന ഉടമ ഇത് നല്കാന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നിയമനടപടിയുമായി മുന്നോട്ട് പോയത്.
അതേസമയം, താന്‍ കെല്‍ട്രോണ്‍ അംഗീകൃത കോഴ്സുകളാണ് നടത്തിവന്നിരുന്നതെന്നും വിദ്യാര്‍ത്ഥികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നുമാണ് സ്ഥാപന ഉടമയുടെ വിശദീകരണം. വിദ്യാര്‍ഥികളുടെ പണവും സര്‍ട്ടിഫിക്കറ്റുകളും ഉടൻ മടക്കി നല്‍കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

