താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
‘അമ്മ’ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാൽ ഉള്ള ചോദ്യം. നടി അൻസിബ ഹസൻ്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഈ പരാമർശം ഉണ്ടായത്.
പാവപ്പെട്ടവരുടെ നിരവധി പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് സംഘടനയിലെ അംഗങ്ങളുടെ പ്രശ്നങ്ങൾ തീർക്കാൻ മാത്രമായി സമയം കണ്ടെത്തേണ്ടി വരുന്നതെന്നും സിംഗിൾ ബെഞ്ച് വിമർശിച്ചു. സംഘടനയ്ക്കുള്ളിൽ തുടർച്ചയായി കേസുകളും ഹർജികളും എത്തുന്ന പശ്ചാത്തലത്തിലാണ് ഈ നിരീക്ഷണം.
നേരത്തെ അൻസിബ ഹസനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിന് ശേഷം സംഘടനയ്ക്കുള്ളിൽ വലിയ തോതിൽ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും ഉടലെടുത്തിരുന്നു.
ഇതിന്റെ തുടർച്ചയായി സംഘടനയുടെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ആക്ഷേപങ്ങൾ ഉന്നയിച്ച് രംഗത്തുവരികയും ചെയ്തു. ഈ തർക്കങ്ങളാണ് പിന്നീട് വിവിധ കോടതികളിൽ പലതരത്തിലുള്ള കേസുകളായി മാറിയത്.
ഇതിന്റെ ഭാഗമായാണ് ലക്ഷ്മി പ്രിയ ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിർദേശപ്രകാരം അൻസിബ ഹസൻ്റെ പരാതിയിൽ തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മി പ്രിയയുടെ പ്രധാന ആവശ്യം.
എന്നാൽ ഹർജി പരിഗണിച്ച കോടതി, കേസിലെ തുടർനടപടികൾ തടയാൻ തയ്യാറായില്ല. പകരം, ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
തുടർന്ന് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് വ്യക്തമാക്കി കോടതി ഹർജി മാറ്റിവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

