ആലപ്പുഴ ജില്ലയുടെ തീരമേഖലയിൽ കള്ളക്കടൽ പ്രതിഭാസം വൻ നാശനഷ്ടങ്ങൾ വിതച്ചു. ആറാട്ടുപുഴയിലും അമ്പലപ്പുഴയിലുമാണ് കടലാക്രമണം രൂക്ഷമായത്.
ആറാട്ടുപുഴയിൽ വലിയഴീക്കൽ– തൃക്കുന്നപ്പുഴ തീരദേശ റോഡിലേക്ക് കടൽ കയറിയതിനെത്തുടർന്ന് മണ്ണു മൂടി മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെ പുലർച്ചെ മൂന്നു മണിക്കാണ് പ്രതിഭാസം ആരംഭിച്ചത്.
രാവിലെ ഒൻപതു മണിയോടെ തീരദേശ റോഡിന്റെ മിക്ക ഭാഗങ്ങളും മണ്ണാൽ മൂടപ്പെട്ടു. വലയഴീക്കൽ, അഴീക്കോടൻ നഗർ, പെരുമ്പള്ളി, ആറാട്ടുപുഴ ബസ്റ്റാൻഡ്, എസി പള്ളിക്കു സമീപം, കാർത്തിക ജംക്ഷൻ എന്നിവിടങ്ങളിലാണ് ശക്തമായ കടലേറ്റം ഉണ്ടായത്.
തീരദേശ റോഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഒട്ടേറെ പുരയിടങ്ങളിൽ വെള്ളം കയറി. റോഡും കഴിഞ്ഞ് കിഴക്കോട്ട് വെള്ളം ഒഴുകുന്ന സ്ഥിതിയാണുണ്ടായത്.
ഇരുചക്രവാഹനങ്ങൾ അടക്കം റോഡിൽ അടിഞ്ഞ മണ്ണിൽ പുതഞ്ഞുപോയി. നാട്ടുകാരുടെ കൂട്ടായ ശ്രമ ഫലമായിട്ടാണ് നിരവധി വാഹനങ്ങൾ തള്ളി മാറ്റിയത്.
യാത്രാതടസ്സം രൂക്ഷമായതോടെ ആറാട്ടുപുഴ പഞ്ചായത്ത് ഇടപെട്ട് മണ്ണുമാന്തിയന്ത്രം എത്തിച്ച് പെരുമ്പള്ളി ജംക്ഷന് സമീപം റോഡിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു. എന്നാൽ വൈകിട്ട് വീണ്ടും കടൽ കയറുകയും റോഡ് വീണ്ടും മണ്ണു മൂടുകയും ചെയ്തു.
രാത്രി വൈകിയും ഈ അവസ്ഥ തുടരുകയായിരുന്നു. ഇറിഗേഷന്റെ ഫണ്ട് ഉപയോഗിച്ച് ആറാട്ടുപുഴ പഞ്ചായത്ത് പ്രദേശത്ത് മണൽ ചാക്കുകൾ നിരത്തുന്ന ജോലി നടക്കുന്നുണ്ടെങ്കിലും പെട്ടെന്നുള്ള കടലാക്രമണത്തെ ചെറുക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടതിനെ തുടർന്ന്, എഡിബി സഹായത്തോടെ കടലാക്രമണത്തെ പ്രതിരോധിക്കുന്ന പദ്ധതിയിലാണ് ഇനി തീരദേശവാസികളുടെ പ്രതീക്ഷ. ഇതിനുപുറമെ, കടൽഭിത്തി തീരെയില്ലാത്ത കോമന മുതൽ കാക്കാഴം വരെ തീരത്ത് കള്ളക്കടൽ കയറിയത് അമ്പലപ്പുഴയിലെ തീരദേശവാസികളെയും പരിഭ്രാന്തിയിലാഴ്ത്തി.
പുലിമുട്ടോടു കൂടിയ കടൽഭിത്തി ഇല്ലാത്ത പ്രദേശം കൂടിയാണിത്. വീടുകൾക്കു ചുറ്റും കടൽവെള്ളം ഒഴുകിയെത്തി.
ചില വീടുകൾക്കു ചുറ്റും തിരമാലകളും ചെളിയും കൂടി കലർന്നു കിടക്കുന്നതിനാൽ പുറത്തേക്കിറങ്ങാൻ കഴിയാതെ തീരവാസികൾ ദുരിതത്തിലായി. തീരത്ത് കടൽ ഉയർന്നു പൊങ്ങിയതും നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചു.
തീരം വൻതോതിൽ കടലെടുക്കുന്ന സ്ഥിതിയാണുള്ളത്. കാലാകാലങ്ങളിൽ ഉണ്ടായ കടലാക്രമണത്തിൽ തീരത്തെ തെങ്ങുകൾ വൻ തോതിൽ കടപുഴകി വീണു.
പലയിടത്തും തെങ്ങുകൾ കാണാനില്ലാത്ത അവസ്ഥയാണ്. തീരംവിട്ടു താമസിക്കുന്നവരും വീടിനോടു ചേർന്ന് മണൽ ചാക്ക് അടുക്കി കിടപ്പാടം സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.
ഇന്നലെ രാവിലെ തുടങ്ങിയ കടൽ കയറ്റം വൈകുന്നേരത്തോടെയാണ് ശാന്തമായത്. പ്രതീക്ഷിക്കാതെ കടന്നു വരുന്ന കള്ളക്കടൽ പ്രതിഭാസം തീരദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.
ടെട്രാപോഡുകൾ നിരത്തുന്നതിനൊപ്പം പുലിമുട്ടുകൾ കാക്കാഴം മുതൽ കോമന വരെയുള്ള ഒരു കിലോ മീറ്റർ ഭാഗത്തു കൂടി നിർമിക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. തീരത്ത് മത്സ്യബന്ധന വള്ളങ്ങൾ കയറ്റിവയ്ക്കാതിരുന്നതിനാൽ അവയ്ക്ക് വലിയ നാശനഷ്ടങ്ങൾ ഒഴിവായി.
ചെറിയ വള്ളങ്ങളിൽ നല്ലൊരു ഭാഗം തോട്ടപ്പള്ളി തുറമുഖത്താണ് സൂക്ഷിച്ചിരിക്കുന്നത്. കടലേറ്റത്തെ തുടർന്ന് ഒട്ടേറെ വാഹനങ്ങളാണ് മണ്ണിൽ താഴ്ന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

