വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ഉന്നതതല ചർച്ചകൾക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തുന്നതിനുള്ള നിർദേശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
അടുത്ത ആഴ്ചയോടെ ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം അമേരിക്ക തള്ളി ഒരു ദിവസത്തിന് ശേഷമാണ് പുതിയ നീക്കം.
അതേസമയം, ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ നയതന്ത്ര ചർച്ചകൾക്കും തങ്ങൾ സന്നദ്ധമാണെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. യുഎസും ഇറാനും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇരു വിഭാഗങ്ങൾക്കുമിടയിൽ സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ട്.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാൻ തയ്യാറാണെന്ന നിർദേശമാണ് ഇറാൻ യുഎസിന് മുന്നിൽ പ്രധാനമായും വെച്ചത്. എന്നാൽ, പകരം ഇറാനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം നീക്കണമെന്നും, എണ്ണ കയറ്റുമതിയുടെ മേലുള്ള ഉപരോധം പിൻവലിക്കണമെന്നും, മേഖലയിൽ സമഗ്രമായ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെടുകയായിരുന്നു.
എങ്കിലും, ഈ നിർദേശങ്ങൾ ഡോണൾഡ് ട്രംപ് പൂർണ്ണമായി തള്ളിക്കളഞ്ഞു. താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കരാറല്ല ഇറാൻ മുന്നോട്ടു വെച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു വർഷം മുമ്പ് അംഗീകരിക്കാമായിരുന്ന ഒന്നാണ് ഇറാൻ ഇപ്പോൾ മുന്നോട്ടു വെച്ചിരിക്കുന്നതെന്നും ട്രംപ് വിമർശിച്ചു. ഇറാൻ സ്വന്തം നിലയിൽ അനാവശ്യമായ വിലപേശലിന് മുതിർന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് മുൻനിർത്തി വിലപേശാൻ അനുവദിക്കില്ലെന്ന കടുത്ത സന്ദേശമാണ് ഇതിലൂടെ ട്രംപ് നൽകുന്നത്. ഇറാന് മേൽ വീണ്ടും സൈനിക ആക്രമണങ്ങൾ നടത്താൻ ആലോചിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആ കാര്യം താൻ എപ്പോഴും ചിന്തിക്കുന്നുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന ചർച്ചകൾ വഴി എന്തെങ്കിലും തരത്തിലുള്ള ശാശ്വത പരിഹാരം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് അന്താരാഷ്ട്ര സമൂഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

