തിരുവനന്തപുരം: കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ അധികാരത്തിലെത്തി നാലു മാസം പിന്നിട്ടിട്ടും നടപ്പായില്ല. സർക്കാരിന്റെ അഞ്ചിന ഇന്ദിരാ ഗാരന്റികളുടെ ഭാഗമായാണ് പെൺകുട്ടികൾക്കുള്ള ഈ ധനസഹായം പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, സർക്കാരിന്റെ ആദ്യ ബജറ്റിൽ ഈ പദ്ധതിക്കായി തുക വകയിരുത്തിയിരുന്നില്ല. അതിനാൽ തന്നെ പദ്ധതിയുടെ തുടർനടപടികൾ എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക വ്യക്തത വന്നിട്ടില്ല.
സംസ്ഥാനത്തെ കോളജ് തലത്തിലുള്ള ഏകദേശം 13 ലക്ഷം വിദ്യാർഥികളിൽ പകുതിയിലേറെയും പെൺകുട്ടികളാണ്. ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥിനികൾക്കായി മാത്രം പദ്ധതി ചുരുക്കിയാൽ അത് വ്യാപക എതിർപ്പിന് ഇടയാക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ എൻജിനീയറിങ്, അഗ്രിക്കൾച്ചർ, ഹെൽത്ത് കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികളെയും പദ്ധതിയുടെ ഭാഗമാക്കേണ്ടി വരും. പ്രഖ്യാപിത ‘ഇന്ദിരാ ഗാരന്റി’കളിൽ കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്രാസൗകര്യം മാത്രമാണ് ഇതുവരെ പൂർണ്ണമായി നടപ്പിലാക്കാൻ സാധിച്ചത്.
ഇതിനുപുറമെ, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോളജ് വിദ്യാർഥിനികൾക്കുള്ള പ്രതിമാസ ധനസഹായത്തിന് പുറമെ, ക്ഷേമപെൻഷൻ തുക വർധിപ്പിക്കുക, യുവാക്കൾക്കായുള്ള പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കുക എന്നിവയാണ് ഇനി സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളും വാഗ്ദാനങ്ങളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

