ബെംഗളൂരു നഗരത്തിൽ ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. 28 വയസ്സുള്ള യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ബിഹാർ സ്വദേശിനിയായ അനസൂയ ബെഹറ (28) ആണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് അനസൂയയുടെ ഭർത്താവും ബിഹാർ സ്വദേശിയുമായ സാഗർ ചന്ദ്ര റാവത്തിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.
പരസ്പരം പ്രണയിച്ച് വിവാഹിതരായവരാണ് അനസൂയയും റാവത്തും. ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഇവർ ഉപജീവനത്തിനായി ബെംഗളൂരുവിലേക്ക് താമസം മാറിയത്.
റാവത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. അനസൂയ ആകട്ടെ ഒരു ടെക്സ്റ്റൈൽസിലാണ് ജോലി ചെയ്തിരുന്നത്.
എന്നാൽ കുടുംബത്തിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു. ഇതിനിടയിൽ ഓഗസ്റ്റ് 11-ന് ഉണ്ടായ വാക്കുതർക്കത്തിനിടയിൽ റാവത്ത് ഭാര്യ അനസൂയയെ ക്രൂരമായി ആക്രമിക്കുകയും തുടർന്ന് കഴുഞഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതക കൃത്യത്തിന് ശേഷം പ്രതിയായ റാവത്ത് ഭാര്യയുടെ മൃതദേഹം തുടർന്നുള്ള മൂന്നു ദിവസം വീട്ടിൽ തന്നെ സൂക്ഷിക്കുകയാണുണ്ടായത്. പിന്നീട് അഴുകിത്തുടങ്ങിയ മൃതദേഹം ഒരു ഷീറ്റിൽ പൊതിഞ്ഞ ശേഷം ഒരു കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച് സംപിഗെഹള്ളിയിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
താൻ ഉപേക്ഷിച്ച മൃതദേഹം ആരെങ്കിലും കണ്ടെത്തിയോ എന്നറിയുന്നതിനായി റാവത്ത് പിന്നീട് പല ദിവസങ്ങളിലും ഈ പ്രദേശം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷമാണ് ഒഴിഞ്ഞ പറമ്പിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കാടുപിടിച്ചു കിടന്ന ഈ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ പണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായിരുന്നതിനാൽ കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാൻ പ്രാരംഭ ഘട്ടത്തിൽ പൊലീസിന് സാധിച്ചിരുന്നില്ല.
എന്നാൽ യുവതി ധരിച്ചിരുന്ന വേഷത്തിലെ ലേബൽ ആണ് അന്വേഷണത്തിൽ നിർണായകമായ തുമ്പായി മാറിയത്. ഈ ലേബൽ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് അനസൂയയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ നീക്കങ്ങളിൽ ഭർത്താവ് റാവത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

