തിരുപ്പതി മാതൃകയിൽ ശബരിമലയെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതിയ ശുചിത്വ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു. രാജ്യാന്തര നിലവാരത്തിലേക്ക് സന്നിധാനത്തെ ഉയർത്തുന്നതിന്റെ ഭാഗമായി ഏകീകൃത ബ്രാൻഡിങ് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തുന്നത്.
ഇതിന്റെ ഭാഗമായി ചപ്പുചവറുകളും പാഴ്വസ്തുക്കളും അവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നതിനും കൂട്ടിയിടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തും. എല്ലാ കച്ചവടക്കാരും അവരുടെ സ്വന്തം ചെലവിൽ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയും പരിസരം വൃത്തിയാക്കുകയും വേണമെന്ന് ലേലവ്യവസ്ഥയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന തിരുപ്പതിയെ വ്യത്യസ്തമാക്കുന്നത് അവിടത്തെ വ്യത്തിയാണ്. അതേപോലെ ഇവിടവും മാറ്റാൻ ‘ശബരിമല വിഷൻ പ്ലാൻ–2026’ നടപ്പാക്കാനാണു ദേവസ്വം ബോർഡ് ഉദേശിക്കുന്നത്.
തീർഥാടകർ വിരിവച്ചു വിശ്രമിക്കുന്ന സ്ഥലങ്ങളിലും പാതകളിലും മാലിന്യം ഇടുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ കർശനമായി തടയും. ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും.
തീർഥാടനപാതയിൽ ആവശ്യത്തിനു ബയോടോയ്ലറ്റുകളും സ്ഥാപിക്കും. തീർഥാടകർ വിരിവയ്ക്കുന്ന സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിച്ചു പോകുന്നത് ഒഴിവാക്കാൻ വിവിധ ഭാഷകളിൽ ബോധവൽക്കരണ പ്രചാരണം നടത്തും.
ജൈവ, അജൈവ, ഭക്ഷ്യ വസ്തുക്കൾ തരംതിരിച്ചു ശേഖരിക്കാൻ 3 തരത്തിലുള്ള പാത്രങ്ങൾ ദേവസ്വം ബോർഡ് സ്ഥാപിക്കും. വിരിവച്ചു വിശ്രമിക്കുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റാൽ ഉടൻ വിശുദ്ധി സേന എത്തി തൂത്തുവാരി ചപ്പുചവറുകൾ നീക്കം ചെയ്യും.
ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആവശ്യത്തിനു വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കും. ശബരിമലയുടെ മുഖഛായ മാറ്റുന്നതിന്റെ ഭാഗമായി സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലിലെയും ദേവസ്വം കെട്ടിടങ്ങൾക്ക് ഏകീകൃത നിറം നടപ്പിലാക്കാനും ആലോചനയുണ്ട്.
ഹോട്ടലുകൾ, കടകൾ, കിയോസ്കുകൾ എന്നിവയ്ക്കും കൃത്യമായ മാതൃകയും നിശ്ചിത നിറവും അക്ഷര ശൈലിയും പിന്തുടരാനാണ് ധാരണ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

