ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ പാടശേഖരത്തിലെ മോട്ടർതറയിലുണ്ടായ ദാരുണമായ അപകടത്തിൽ മത്സ്യത്തൊഴിലാളി ജീവൻ വെടിഞ്ഞു. പുളിങ്കുന്ന് കായൽപുറം നടുവത്തുശേരി ഷാജി ദേവസ്യ (55) ആണ് മരിച്ചത്.
രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിൽ വരുന്ന ശ്രീമൂലം പാടശേഖരത്തിലെ തെക്കേച്ചിറയിലെ മോട്ടർ തറയിലാണ് അപകടം നടന്നത്.
നിലവിൽ പാടശേഖരത്തിൽ പുഞ്ചകൃഷിക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി പമ്പിങ് പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മോട്ടർ ചാലിലെ പറക്കുഴിക്കു സമീപം മീൻ പിടിക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്.
അപകടസമയത്ത് ശക്തിയേറിയ (50 എച്ച്പി) മോട്ടർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പറക്കുഴിയിലേക്ക് വീണ ഷാജിയെ മോട്ടറിന്റെ അതിശക്തമായ വലിച്ചിൽ കാരണം പറയ്ക്കുള്ളിലേക്ക് അകപ്പെടുകയായിരുന്നു.
അസാധാരണ ശബ്ദം കേട്ട് ഉടൻ തന്നെ മോട്ടർ ഡ്രൈവർ ഓടിയെത്തുകയും മോട്ടർ ഓഫ് ചെയ്ത് പരിശോധന നടത്തുകയും ചെയ്തു. അപ്പോഴാണ് പറയ്ക്കുള്ളിൽ ഷാജി കുടുങ്ങിക്കിടക്കുന്നതായി കണ്ടത്.
തുടർന്ന് പുളിങ്കുന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ പറ അഴിച്ചെടുത്താണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചിരുന്ന ഷാജിയുടെ ശരീരമാകെ ഒടിഞ്ഞ നിലയിലായിരുന്നു.
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.
ഭാര്യ: മോളി ഷാജി.
മക്കൾ: ഷിബിൻ ഷാജി, ഷാബിൻ ഷാജി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

