കണ്ണൂർ ജില്ലയിലെ ദേശീയപാതയിൽ വളപട്ടണം, മേലെചൊവ്വ എന്നീ ഭാഗങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്കുളള കർശന നിയന്ത്രണം ഔദ്യോഗികമായി നിലവിൽ വന്നു. പൊലീസിന്റെ സജീവമായ സഹകരണത്തോടെയാണ് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.
വളപട്ടണം പാലത്തിന്റെ നവീകരണ ജോലികളും മേലെചൊവ്വ മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളും ഒരേസമയം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ ദുരിതം നേരിടുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടർ പി.വിഷ്ണുരാജ് ഉത്തരവിട്ടത്. നിർദ്ദിഷ്ട
രണ്ട് പ്രവൃത്തികളും പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ഓണക്കാലത്ത് എടക്കാട് പൊലീസ് സമാനമായ രീതിയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിയന്ത്രണങ്ങൾ ഇങ്ങനെ
വളപട്ടണം – പഴയങ്ങാടി റോഡിൽ ചെറുകുന്നിലും, തളിപ്പറമ്പ് റോഡിൽ ധർമശാല മുതൽ എടക്കാട് വരെയുള്ള ഭാഗത്തുമാണ് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. രാവിലെ 8 മുതൽ 10 വരെയും, വൈകിട്ട് 4 മുതൽ രാത്രി 7 വരെയുമാണ് നിരോധനം.
10 ടയർ മുതലുള്ള ഹെവി ചരക്ക് വാഹനങ്ങൾ, മൾട്ടി-ആക്സിൽ ട്രക്കുകൾ, ട്രെയിലർ, സെമി-ട്രെയിലർ തുടങ്ങിയവയാണ് ഈ സമയങ്ങളിൽ ഈ പാതകളിൽ പ്രവേശിക്കാൻ പാടില്ലാത്തത്. നിയന്ത്രണ സമയങ്ങളിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഭാരവാഹനങ്ങൾ സുരക്ഷിതമായി നിർത്തിയിടാൻ ആവശ്യമായ ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ഭാഗത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ എടക്കാട് പൊലീസ് സ്റ്റേഷന് മുന്നിലാണ് പ്രധാനമായും പാർക്ക് ചെയ്യേണ്ടത്. ഇതിനായി ഭാരവാഹനങ്ങൾ നിർത്തിയിടാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനായി ചെറുകുന്ന് താവം മുതൽ ഇരിണാവ് വരെ കണ്ണപുരം പൊലീസ് പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
കൂടാതെ തളിപ്പറമ്പ് പൊലീസും സമാനമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സമയം നീട്ടിനൽകണമെന്ന് ആവശ്യം
അതേസമയം, വൈകിട്ട് ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ സമയം നീട്ടിനൽകണമെന്ന ആവശ്യവുമായി യാത്രക്കാരും പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
രാത്രി 8 വരെയെങ്കിലും ഈ നിയന്ത്രണം നീട്ടണമെന്നാണ് പ്രധാന ആവശ്യം. തിരക്കേറിയ സമയമായ രാത്രി 7 മണിക്ക് തന്നെ നിയന്ത്രണം അവസാനിക്കുമ്പോൾ, മണിക്കൂറുകളോളം പിടിച്ചിട്ടിരുന്ന ഭാരവാഹനങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുന്നത് വീണ്ടും വലിയ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

