ഉത്തർപ്രദേശിലെ നോയിഡയിലുള്ള യമുന എക്സ്പ്രസ്വേയിൽ സ്ലീപ്പർ ബസിന് തീപിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ബിജെപിയുടെ മഹോബ ജില്ല ട്രഷറർ നീരജ് ഗുപ്തയുടെ ഭാര്യയും മകനും ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമായി. ചർഖാരിയിലെ രാജ്മന്ദിർ സ്വദേശികളായ സുനിത, മകൻ ശശാങ്ക് എന്നിവരാണ് ഈ ദുരന്തത്തിൽ മരണമടഞ്ഞത്.
നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സുനിത ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലാണ് യാത്ര ചെയ്തിരുന്നത്. ബസിൽ തീ പടർന്നതിനെ തുടർന്ന് ജീവനക്കാർ യാത്രക്കാരോട് ഉടൻ തന്നെ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
എന്നാൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം സുനിതയ്ക്ക് പെട്ടെന്ന് എഴുന്നേറ്റു പുറത്തേക്ക് പോകാൻ സാധിച്ചില്ല. അമ്മയെ സഹായിക്കാനായി മകൻ ശശാങ്ക് ഒപ്പം നിൽക്കുകയായിരുന്നു.
ഇതിനിടയിൽ ബസിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് ശ്വാസംമുട്ടി ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ബസിലേക്ക് തീ പൂർണ്ണമായി പടർന്നതോടെ ഇവർ ഉള്ളിൽപ്പെടുകയായിരുന്നു.
ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഒമ്പതുപേരുടെ ജീവനെടുത്ത ഈ വലിയ ദുരന്തത്തിന് കാരണം ഡ്രൈവറുടെയും കണ്ടക്ടറുടെയും ഗുരുതരമായ അശ്രദ്ധയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ബസിൽനിന്ന് കരിഞ്ഞ മണം വരുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഡ്രൈവറും കണ്ടക്ടറും പുകവലി തുടർന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ബസിനുള്ളിൽ പുകവലിക്കരുതെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ അത് വകവച്ചില്ല.
മാത്രമല്ല, യാത്രക്കാരെ പരിഹരിച്ച് ചിരിക്കുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് പറയുന്നു. തുടർന്ന് ബസിനുള്ളിൽ കത്തുന്നതിന്റെ മണം രൂക്ഷമായപ്പോൾ യാത്രക്കാർ വീണ്ടും ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ ഇത്തരം മണങ്ങൾ ബസിൽ സാധാരണമാണെന്ന് പറഞ്ഞ് ജീവനക്കാർ യാത്രക്കാരുടെ ആശങ്ക തള്ളിക്കളയുകയായിരുന്നു. യാത്രക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വാഹനം പരിശോധിക്കാൻ തയ്യാറാകാതെ പുകവലി തുടർന്നു.
നിമിഷനേരങ്ങൾക്കകം ബസിന്റെ മുൻഭാഗത്തുനിന്ന് തീ ആളിപ്പടർന്നു. യാത്രക്കാർ ഭയന്ന് നിലവിളിച്ചപ്പോൾ, “നിങ്ങൾ മരിച്ചാലും എനിക്കൊന്നുമില്ല, ഞാൻ ബസ് നിർത്തില്ല” എന്ന് ഡ്രൈവർ പറഞ്ഞതായും എഫ്ഐആറിൽ പറയുന്നുണ്ട്.

