സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് ഒരു യുവ ഡോക്ടറുടെ കുറിപ്പ്. മാസം തോറും 3 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും ഡ്രൈവറെ നിയമിക്കാൻ മടിച്ച് സോഷ്യൽ മീഡിയയിൽ ഉപദേശം തേടിയ 33 -കാരനായ ഡോക്ടറുടെ പോസ്റ്റാണ് സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്.
റെഡ്ഡിറ്റിൽ പങ്കുവെക്കപ്പെട്ട ഈ കുറിപ്പ് ഇതിനോടകം തന്നെ നിരവധി പേരുടെ ശ്രദ്ധനേടിക്കഴിഞ്ഞു.
ദിവസേനയുള്ള യാത്രകളിൽ അനുഭവപ്പെടുന്ന കടുത്ത യാത്രാക്ലേശമാണ് ഡോക്ടർ തന്റെ കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്. 25 കിലോമീറ്റർ അകലെയുള്ള രണ്ട് വ്യത്യസ്ത ആശുപത്രികളിലായി ജോലി ചെയ്യുന്ന തനിക്ക് ദിവസേന ഏകദേശം 60 കിലോമീറ്ററോളം കാർ ഓടിക്കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കനത്ത ഗതാഗതക്കുരുക്കും പാർക്കിംഗ് ബുദ്ധിമുട്ടുകളും കാരണം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കടുത്ത ശാരീരിക – മാനസിക ക്ഷീണമാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. മാസം 3 ലക്ഷം രൂപ വരുമാനമുണ്ടെങ്കിലും ഡ്രൈവർക്കായി 18,000 രൂപ ചെലവഴിക്കുന്നത് ലാഭകരമാണോ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന സംശയം.
എന്നാൽ ഈ ചോദ്യത്തിന് പിന്നാലെ ഡോക്ടറെ അനുകൂലിച്ചും എത്രയും വേഗം ഡ്രൈവറെ വയ്ക്കാൻ ഉപദേശിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. “എത്രയും വേഗം ഒരു ഡ്രൈവറെ നിയമിക്കൂ” എന്ന തലക്കെട്ടിൽ വന്ന മറുപടികളിൽ പലതും പണത്തേക്കാൾ ഉപരി ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ചു.
“കടുത്ത ക്ഷീണത്തോടെ വണ്ടി ഓടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഡ്രൈവിംഗിനിടയിൽ ഒരു നിമിഷത്തേക്ക് ശ്രദ്ധ മാറിയാൽ പോലും വലിയ അപകടം സംഭവിച്ചേക്കാം.
അത് മറ്റ് മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാണ്. അതിനാൽ പണം നോക്കാതെ ഒരു ഡ്രൈവറെ നിയമിക്കൂ.” എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്.
മറ്റൊരാളുടെ അനുഭവം ഇങ്ങനെയായിരുന്നു: “12 വർഷം മുമ്പ് മാസം ഒരു ലക്ഷം രൂപ പോലും വരുമാനമില്ലാത്തപ്പോഴാണ് ഞാൻ ഡ്രൈവറെ നിയമിച്ചത്. അന്ന് പലരും എന്നെ കളിയാക്കിയെങ്കിലും ഞാൻ എടുത്തതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ തീരുമാനമായിരുന്നു അത്.
ഡ്രൈവിംഗ് ക്ഷീണമില്ലാതെ വീട്ടിലെത്താനും ആ സമയം കുടുംബത്തിനും മറ്റ് കാര്യങ്ങൾക്കുമായി മാറ്റിവെക്കാനും എനിക്ക് സാധിച്ചു.” സ്വസ്ഥതയ്ക്കും ജീവിത നിലവാരം ഉയർത്തുന്നതിനും ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമാണിതെന്നും എന്നാൽ നല്ലൊരു ഡ്രൈവറെ കണ്ടെത്താൻ ശ്രദ്ധിക്കണമെന്നും ചിലർ നിർദ്ദേശിച്ചു. നിലവിൽ ഡോക്ടർ പറയുന്ന 18,000 രൂപ എന്നത് ഇത്തരം സേവനങ്ങൾക്ക് കുറഞ്ഞ തുകയാണെന്നും അഭിപ്രായമുയർന്നു.
ചുരുക്കത്തിൽ, പണച്ചെലവിനെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകി ഉടൻ തന്നെ ഡ്രൈവറെ നിയമിക്കാനാണ് ഭൂരിഭാഗം പേരും ഡോക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

