ഗൂഗിൾ പ്ലേ സ്റ്റോറിന് പുറമെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ ഏറെ ജനപ്രിയമായ ഓപ്പൺ സോഴ്സ് ആപ്പ് സ്റ്റോറുകളിൽ ഒന്നാണ് എഫ്-ഡ്രോയിഡ് (F-Droid). മറ്റ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമല്ലാത്ത ആയിരക്കണക്കിന് ആപ്പുകൾ ഇവിടെ ലഭ്യമാണ്.
ആൻഡ്രോയിഡിലെ സൈഡ്ലോഡിംഗ് സംവിധാനങ്ങളിൽ ഗൂഗിൾ നിരന്തരം മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ആപ്പ് സ്റ്റോറിന് വലിയൊരു ദൃശ്യപരമായ മാറ്റത്തിന് ഒരുങ്ങുകയാണ് എഫ്-ഡ്രോയിഡ്. ആധുനികമായ രൂപകൽപ്പന, മെച്ചപ്പെട്ട
ആപ്പ് കണ്ടെത്തൽ സംവിധാനം, കൂടുതൽ കൃത്യമായ തിരച്ചിൽ, ലളിതമായ ഉപയോക്തൃ അനുഭവം എന്നിവയാണ് എഫ്-ഡ്രോയിഡ് 2.0 (F-Droid 2.0) പതിപ്പിന്റെ പ്രധാന സവിശേഷതകൾ. ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള ആപ്പുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന രീതിയിലാണ് ഈ നവീകരണം.
കോട്ലിൻ കോംപോസ് (Kotlin Compose) അടിത്തറയാക്കിയും മെറ്റീരിയൽ ഡിസൈൻ (Material Design) ഘടകങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുമാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്പ് സ്റ്റോറിന്റെ പ്രധാന പേജിൽ ഇപ്പോൾ ഡിസ്കവർ, സർച്ച്, മൈ ആപ്സ് എന്നിങ്ങനെ മൂന്ന് ടാബുകളാണ് ഉള്ള പുതിയ ക്രമീകരണം.
പുതിയ ആപ്പുകൾ കണ്ടെത്താനായി ഡിസ്കവർ ടാബിൽ ‘ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്തവ’, ‘പുതിയ ആപ്പുകൾ’ തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പഴയ കാറ്റഗറി വിഭാഗങ്ങളെല്ലാം ഉൾക്കൊള്ളിച്ചും പുതിയ ഫിൽട്ടറിംഗ് ഓപ്ഷനുകളോടെയുമാണ് സർച്ച് ടാബ് പുനഃക്രമീകരിച്ചിരിക്കുന്നത്.
ആപ്പുകളുടെ വിവരണങ്ങൾ, കാറ്റഗറികൾ, തർജ്ജമ ചെയ്ത ഉള്ളടക്കങ്ങൾ എന്നിവ ഉപയോഗിച്ചും ഗെയിമുകളും ആപ്പുകളും കണ്ടെത്താൻ പുതിയ തിരച്ചിൽ സംവിധാനത്തിലൂടെ സാധിക്കും. ചൈനീസ്, ജാപ്പനീസ്, കൊറിയൻ ഭാഷകളിലെ തിരച്ചിൽ അനുഭവവും ഇതിലൂടെ കൂടുതൽ മെച്ചപ്പെടും.
ഉപയോക്താവിന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മുഴുവൻ ആപ്പുകളും അവയുടെ അപ്ഡേറ്റുകളും പരിശോധിക്കാൻ ‘മൈ ആപ്സ്’ എന്ന വിഭാഗം സഹായിക്കും. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (DMA) നിയമങ്ങളുടെ പശ്ചാത്തലത്തിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും അപ്ഡേറ്റ് ചെയ്യുന്നതും കൂടുതൽ സുഗമമായിരിക്കുമെന്ന് എഫ്-ഡ്രോയിഡ് വ്യക്തമാക്കിയിട്ടുണ്ട്.
ഇൻസ്റ്റാൾ ചെയ്യുന്ന എല്ലാ ആപ്പുകൾക്കുമായി ഒ ഒറ്റപ്പെട്ട ഇൻസ്റ്റാളർ സംവിധാനമാണ് പുതിയ ഓപ്പൺ സോഴ്സ് ആപ്പ് സ്റ്റോർ ഉപയോഗിക്കുന്നത്.
പുതിയ രൂപമാറ്റങ്ങൾക്ക് പുറമെ ചില സ്വകാര്യത ഫീച്ചറുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുൾ-ടു-റിഫ്രഷ് ജെസ്ചർ വഴി മാന്വലായി ആപ്പ് അപ്ഡേറ്റുകൾ പരിശോധിക്കാനുള്ള പഴയ സൗകര്യം പുതിയ പതിപ്പിൽ ഒഴിവാക്കി.
പകരം, ആപ്പ് സ്റ്റോർ സ്വയമേവ അപ്ഡേറ്റുകൾ പരിശോധിക്കും. എങ്കിലും മാന്വലായി പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്കായി മൈ ആപ്സ് വിഭാഗത്തിലെ മൂന്ന് ഡോട്ടുകളുള്ള മെനുവിൽ ഈ ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.
എഫ്-ഡ്രോയിഡിലെ ടോർ (Tor) സംവിധാനത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. “യൂസ് ടോർ” (Use Tor) ഓപ്ഷൻ ഇനി മുതൽ ജനറിക് പ്രോക്സി സെറ്റിങ്സിലേക്ക് മാറ്റപ്പെടും.
എളുപ്പത്തിലുള്ള ഉപയോഗത്തിനായി ടോർ വിപിഎൻ (Tor VPN) ഉപയോഗിക്കാനാണ് ടീം നിർദ്ദേശിക്കുന്നത്. കൂടാതെ ആപ്പ് സ്റ്റോറിന്റെ പാനിക് ഫീച്ചറിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.
ഇനി മുതൽ എഫ്-ഡ്രോയിഡിന്റെ പേരും ഐക്കണും മാത്രമേ മാറ്റാൻ സാധിക്കൂ. ഫോറൻസിക് പരിശോധനകളിലും സെറ്റിങ്സ് ആപ്പിലും ഇത് ദൃശ്യമാകും.
നിലവിൽ ഇതിന്റെ അന്തിമ രൂപം പുറത്തിറങ്ങിയിട്ടില്ലെങ്കിലും, മാറ്റങ്ങളുടെ പ്രാരംഭ ജോലികൾ പുരോഗമിക്കുകയാണ്. ചില ഫീച്ചറുകൾ ഇല്ലാത്ത ആൽഫ ബിൽഡ് നിലവിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

