ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങ് ഡൽഹിക്കു പുറത്തേക്ക് മാറ്റിയ പശ്ചാത്തലത്തിൽ, അടുത്ത ചടങ്ങിന് കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ വേദിയാകണമെന്ന പ്രതീക്ഷ ശക്തമാകുന്നു. അവാർഡ് സമർപ്പണത്തിനു വേദിയാകാൻ മികച്ച ടൂറിസം കേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങൾക്ക് സമീപിക്കാമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ പ്രഖ്യാപനമാണ് ഈ ചർച്ചകൾക്ക് അടിസ്ഥാനമായത്.
ഗുജറാത്തിൽ നർമദയുടെ തീരത്ത് കെവാദിയയിലാണ് പ്രശസ്ത നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രതിഭകൾ ഇത്തവണത്തെ ദേശീയ ബഹുമതി ഏറ്റുവാങ്ങിയത്. ഈ ചടങ്ങിൽവച്ചാണ് രാജ്യത്തെ മറ്റു ടൂറിസം കേന്ദ്രങ്ങൾക്കും അവാർഡ് സമർപ്പണച്ചടങ്ങ് സംഘടിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്ന് മന്ത്രി വ്യക്തമാക്കിയത്.
72 വർഷത്തെ ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ ചടങ്ങ് ഡൽഹിക്കു പുറത്തു സംഘടിപ്പിച്ചത്. അതിഥികൾക്ക് പട്ടേൽ പ്രതിമയും നർമദ അണക്കെട്ടും സമീപത്തെ ഗാർഡനുമെല്ലാം പരിചയപ്പെടുത്തുന്ന ടൂറും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
അടുത്ത തവണത്തെ ചടങ്ങ് കേരളത്തിൽ വരണമെന്ന ആഗ്രഹം മമ്മൂട്ടി തന്നെ കേന്ദ്രമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ട് ബേക്കൽ
ആകാശംമുട്ടി നിൽക്കുന്ന കടലും ദേശീയ സ്മാരകമായ ബേക്കൽകോട്ടയും സംഗീതസാന്ദ്രമായി ഉയർന്നുതാഴുന്ന തിരമാലകളും കാഴ്ചയൊരുക്കുന്ന ബേക്കൽ ടൂറിസം മേഖല ദേശീയ ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിന് എന്തുകൊണ്ടും അനുയോജ്യമാണ്.
അതിഥികൾക്കും ഉദ്യോഗസ്ഥർക്കും കലാകാരൻമാർക്കും താമസത്തിനു വേണ്ട ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.
മൂന്നിൽ ഏറെ ഫൈവ് സ്റ്റാർ റിസോർട്ടുകൾ ഇപ്പോൾതന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ, മംഗളൂരു വിമാനത്താവളങ്ങൾ സമീപത്തുള്ളതിനാൽ യാത്രാസൗകര്യവും മികച്ചതാണ്.
മലയാളത്തിൽ മാത്രമല്ല, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളുടെയും ലൊക്കേഷനായി ബേക്കൽ രാജ്യമാകെ പ്രശസ്തി നേടിയിട്ടുണ്ട്. 1995ൽ സംവിധായകൻ മണിരത്നം ഒരുക്കിയ തമിഴ്ചിത്രം ‘ബോംബെ’, 2000ത്തിൽ പുറത്തിറങ്ങിയ ‘മധുരനൊമ്പരക്കാറ്റ്’, 2001ലെ ‘പാർത്താലെ പരവശം’, 2009ലെ ‘പഴശ്ശിരാജ’, 2011ലെ ‘ഉറുമി’ തുടങ്ങിയ പ്രശസ്തമായ സിനിമകളിൽ ബേക്കലിന്റെ ദൃശ്യങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
‘ബോംബെ’ സിനിമ പുറത്തിറങ്ങിയതോടെയാണ് ബേക്കൽകോട്ട ദേശീയശ്രദ്ധ നേടിയത്.
ടൂറിസം വകുപ്പ് മുൻകയ്യെടുക്കണം
അടുത്ത ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങിന് ബേക്കൽ വേദിയാകണമെങ്കിൽ സംസ്ഥാന സർക്കാർ മുൻകയ്യെടുത്തു ഇടപെടേണ്ടതുണ്ട്. ടൂറിസം വകുപ്പ് ഔദ്യോഗികമായി ഇടപെട്ട് ഇത്തരമൊരു നിർദേശം കേന്ദ്ര സർക്കാരിനു മുന്നിൽ സമർപ്പിക്കണം.
കഴിഞ്ഞ വർഷമാണ് സംവിധായകൻ മണിരത്നവും നടൻ മനീശ കൊയ്രാളയും ‘ബോംബെ’ സിനിമ ചിത്രീകരണത്തിന്റെ ഓർമകളുമായി ബേക്കലും തളങ്കരയും സന്ദർശിച്ച് തെയ്യം കണ്ടുമടങ്ങിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പരിഗണന നൽകിയാൽ വിനോദസഞ്ചാര രംഗത്തും സിനിമാ മേഖലയിലും ബേക്കലിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

