കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ചൈനയിൽ നിന്ന് വിമാനമാർഗം കടത്താൻ ശ്രമിച്ച വൻതോതിലുള്ള വ്യാജ ഉൽപ്പന്നങ്ങൾ കസ്റ്റംസ് അധികൃതർ പിടികൂടി. പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള 568 വ്യാജ ഷൂസുകളും ജാക്കറ്റുകളുമാണ് എയർ കാർഗോ വിഭാഗത്തിലെ കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിടിച്ചെടുത്തത്.
ഫർണിച്ചറുകളും കസേരകളുമാണെന്ന് വ്യാജ രേഖകൾ ചമച്ചാണ് ഈ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിച്ചത്. ഷിപ്പിംഗ് രേഖകൾ പ്രകാരം 883 കിലോഗ്രാമായിരുന്നു ഈ ചരക്കിന്റെ ആകെ ഭാരം.
രേഖകളിൽ സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് പ്രമുഖ ബ്രാൻഡുകളുടെ വ്യാജ വ്യാപാരമുദ്രകൾ പതിച്ച വസ്ത്രങ്ങളും പാദരക്ഷകളും കണ്ടെത്തിയത്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങളും വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരം തടയുന്നതിനുള്ള കർശന നിയമങ്ങളും ലംഘിച്ചതിനെ തുടർന്ന് മുഴുവൻ ചരക്കുകളും കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
രാജ്യത്തേക്ക് എത്തുന്ന ചരക്കുകളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും, വ്യാജ ഉൽപ്പന്നങ്ങൾ കുവൈത്ത് വിപണിയിലെത്തിക്കുന്നത് തടയാനുള്ള നടപടികൾ ശക്തമായി തുടരുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

