കോടികൾ ചെലവഴിച്ചു നടപ്പിലാക്കുന്ന പൊന്മുടി സംസ്ഥാന ഹൈവേ പുനർനിർമാണത്തിന്റെ ഭാഗമായുള്ള ഓട നിർമാണം പ്രദേശത്ത് വലിയ തോതിലുള്ള പരാതികൾക്ക് കാരണമാകുന്നു.
നിലവിലുള്ള ചാലുകൾ പൊളിച്ചുനീക്കി അവയുടെ ഉയരം വർധിപ്പിച്ചാണ് പുതിയ ഓടകൾ നിർമിക്കുന്നത്. റോഡിന്റെ വീതി സമഗ്രമായി വർധിപ്പിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണമെങ്കിലും, പണികൾ പൂർത്തിയാകുമ്പോൾ മഴവെള്ളം മുഴുവൻ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
നിലവിലെ ഈ നിർമാണ രീതി തികച്ചും അശാസ്ത്രീയമാണെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഓടകളുടെ പണി പുരോഗമിക്കുന്നതിനാൽ കടകളിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് പൊതുജനങ്ങൾ നേരിടുന്നത്.
റോഡിനെ അപേക്ഷിച്ച് കടകൾ താഴ്ന്ന നിലയിലാകുന്നതിനാൽ വരാനിരിക്കുന്ന മഴക്കാലം തങ്ങൾക്ക് വലിയ ദുരിതമായിരിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ ശിവൻ കോവിൽ ജംക്ഷൻ വരെ എത്തിയിട്ടുണ്ട്.
പണി പൂർത്തിയാകുമ്പോൾ ശിവൻ കോവിൽ ജംക്ഷൻ, പറങ്കിമാംതോട്ടം, മുളയ്ക്കോട്ടുകര, കോട്ടിയത്തറ, തള്ളച്ചിറ റോഡുകൾ എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയേറെയാണ്. വെള്ളം സുഗമമായി തോട്ടിലേക്ക് ഒഴുകിപ്പോകാനുള്ള കൃത്യമായ സംവിധാനം ഒരുക്കണമെന്ന് ശക്തമായ ആവശ്യം ഉയർന്നിട്ടും ബന്ധപ്പെട്ട
അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഐസറിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന 33 കെവി വൈദ്യുതി കേബിളുകൾ ഓടയുടെ അടിയിലൂടെയാണ് കടന്നുപോകുന്നത് എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം.
റോഡിന്റെ വീതി കൂട്ടിയതോടെയാണ് ഈ കേബിളുകൾ ഓടയുടെ അടിഭാഗത്തേക്ക് മാറിയത്. കരാറുകാരൻ തുക നൽകിയാൽ മാത്രമേ കേബിളുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കൂ എന്ന നിലപാടിലാണ് കെഎസ്ഇബി ഉള്ളത്.
എന്നാൽ ഇതിനായി കരാറുകാരൻ ഇതുവരെ തയ്യാറായിട്ടില്ല. ഈ രീതിയിൽ ഓട
നിർമിച്ചാൽ ഭാവിയിൽ കേബിളിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഇപ്പോൾ പണികൊണ്ടിരിക്കുന്ന ഓട പൂർണ്ണമായി പൊളിക്കേണ്ടി വരും.
ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. നിർമാണം പൂർത്തിയാകുന്നതിന് മുൻപ് കേബിളുകൾ സുരക്ഷിതമായി മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെയും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
കോടികൾ ചെലവഴിച്ചുള്ള ഈ ഓട നിർമാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള ആശങ്കകൾക്ക് ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല.
നിർമാണം പൂർത്തിയാകുന്നതോടെ കടുത്ത ദുരിതത്തിലാകാൻ സാധ്യതയുള്ള പലരും ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് എസ്.എം.ഷഫീഖ്, വിതുരഗ്രാം കൂട്ടായ്മ എന്നിവർ ചൂണ്ടിക്കാണിക്കുന്നു. പൊന്മുടി സംസ്ഥാന ഹൈവേയിലെ ഓട
നിർമാണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറത്തേക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ടുകൾ ഏറെ വലുതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

