വടകരയിലെ മുക്കാളി ദേശീയപാതയോരത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി. തുടർച്ചയായി മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്ത ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ മുപ്പതടിയോളം താഴ്ചയിൽ വീണ്ടും മണ്ണിടിഞ്ഞിറങ്ങിയത്.
താഴെ സംരക്ഷണ ഭിത്തി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിക്കാനായി പോയ സമയത്തായതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. പാതയുടെ നിർമ്മാണം ആരംഭിച്ചതിനുശേഷം നിരവധി തവണ ഇടിഞ്ഞുതാണ അതേ ഭാഗത്തുതന്നെയാണ് വീണ്ടും മണ്ണിനക്കക്കം ഉണ്ടായത്.
ഈ അപകടത്തെ തുടർന്ന് പ്രദേശവാസികളായ പുനത്തിൽ സനൽ, പുനത്തിൽ വി.കെ.ദേവരാജ്, പുനത്തിൽ കൈതക്കുന്ന് അഭിലാഷ് എന്നിവരുടെ വീടുകൾ കടുത്ത അപകടഭീഷണിയിലാണ്. ഈ വീടുകളുടെ മുൻഭാഗം വരെ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
ദേവരാജ് എന്നയാളുടെ വീടിന്റെ മതിലും ഗേറ്റും പൂർണ്ണമായി തകർന്നതിനാൽ ഇതുവഴിയുള്ള യാത്രാസൗകര്യവും തടസ്സപ്പെട്ടിരിക്കുകയാണ്. അപകടം നടന്ന് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താതിരുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. തുടർന്ന് പൊലീസെത്തിയാണ് ഉപരോധക്കാരെ നീക്കം ചെയ്തത്.
എന്നാൽ, ഇന്നലെ രാവിലെയും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ രാവിലെ 10 മണിക്ക് വീണ്ടും ശക്തമായ ഉപരോധ സമരം ആരംഭിക്കുമെന്നാണ് നാട്ടുകാരുടെ തീരുമാനം. സംരക്ഷണ ഭിത്തിയുടെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് തുടർച്ചയായ മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നേരത്തെ മണ്ണ് ഇടിഞ്ഞ ഭാഗത്തിന്റെ അടിവശം തുരന്ന് കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ രാത്രി പെയ്ത മഴയും നീരൊഴുക്കും കാരണം മണ്ണ് കുതിർന്നു താഴുകയായിരുന്നു.
ഈ പ്രവൃത്തികൾ കഴിഞ്ഞ മേയ് മാസത്തിൽ പൂർത്തിയാക്കിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് പരിസരവാസികൾ വ്യക്തമാക്കി. മുക്കാളി ദേശീയപാതയോരത്ത് തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ നിർമ്മാണവുമായി മുന്നോട്ടുപോകുന്ന അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
പലതവണ ഇടിഞ്ഞുതാണ ഈ പ്രദേശത്തെ വീടുകളുടെ മുൻഭാഗങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ ദേശീയപാത ഏറ്റെടുത്ത സ്ഥലമാണ് ബാക്കിയുള്ളത്.
ഇവിടെ ഉടൻതന്നെ സംരക്ഷണ ഭിത്തി നിർമ്മിച്ചില്ലെങ്കിൽ സമീപത്തെ മുഴുവൻ വീടുകളും തകർന്നുവീഴുന്ന അവസ്ഥയിലാകും. സംരക്ഷണ ഭിത്തിക്ക് പകരം അശാസ്ത്രീയമെന്ന് വ്യാപക പരാതി ഉയർന്നിട്ടുള്ള ‘സോയിൽ നെയ്ലിങ്’ നടത്തിയ ഭാഗങ്ങളാണ് പ്രധാനമായും ഇടിയുന്നത്.
പ്രവൃത്തിയുടെ ഭാഗമായി ആറു മീറ്റർ നീളത്തിൽ കമ്പികൾ അടിച്ചു കയറ്റിയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. രണ്ടു മാസം മുൻപ് മണ്ണു താഴ്ന്ന ഭാഗത്തെ ഒരു വീട് നിലവിൽ അതീവ അപകടാവസ്ഥയിലാണ്.
ഇതിന്റെ തെക്കുഭാഗത്തുള്ള വീടിന്റെ കിണറും മതിലും ഭീഷണിയിലാണ്. തൊട്ടടുത്തായി ഗൃഹപ്രവേശം നടത്താനിരിക്കുന്ന മറ്റൊരു വീടിന്റെ കിണറും സെപ്റ്റിക് ടാങ്കും വരെ മണ്ണ് താഴ്ന്ന് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
പ്രദേശത്തിന്റെ വടക്കുഭാഗം മുഴുവൻ എപ്പോഴും ഇടിഞ്ഞുവീഴാവുന്ന ദയനീയാവസ്ഥയിലാണ്. ഓരോ തവണ മണ്ണിടിച്ചിൽ ഉണ്ടാകുമ്പോഴും മാറിത്താമസിക്കാൻ റവന്യൂ അധികൃതർ നിർദ്ദേശം നൽകാറുണ്ടെങ്കിലും വാടക തുക ലഭിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പ്രധാന പരാതി.
ഈ സാഹചര്യത്തിൽ മറ്റു മാർഗ്ഗങ്ങളില്ലാതെ എല്ലാവരും കടുത്ത ജീവഭയത്തോടെയാണ് അപകടാവസ്ഥയിലുള്ള ഈ വീടുകളിൽ തന്നെ കഴിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

