അടിമാലി പഴമ്പിള്ളിച്ചാൽ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതയാകാതെ ഒരു കുടുംബം. രാത്രിയോടെ വീട്ടുമുറ്റത്തേക്ക് ഉരുൾപൊട്ടിയെത്തിയതിന്റെ ഭീതിയാണ് ഈ കുടുംബത്തിലുള്ളത്.
ആറരമാസം ഗർഭിണിയായ ആൽഫിയ, അഞ്ച് വയസ്സുള്ള മകളെയും ചേർത്തുപിടിച്ചാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആൽഫിയ ഉൾപ്പെടെ ഒരേ കുടുംബത്തിലെ എട്ട് പേരാണ് നിലവിൽ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നത്.
കല്ലുവെട്ടിക്കുഴിയിൽ ഷാജി – ലിസി ദമ്പതികളുടെ മക്കൾ, കൊച്ചുമക്കൾ, ഷാജിയുടെ അമ്മ ഏലിക്കുട്ടി (73) എന്നിവരാണ് ഈ ദുരന്തം നേരിട്ട കുടുംബാംഗങ്ങൾ.
ഇതിൽ ഷാജിയുടെ മകൻ ഷൈമോന്റെ ഭാര്യയാണ് ആൽഫിയ. ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് ഇവർ താമസിച്ചിരുന്ന വീടിന് കേടുപാടുകൾ പറ്റിയിരുന്നു.
ഇതിനെത്തുടർന്നാണ് കുടുംബത്തെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. പഴമ്പിള്ളിച്ചാലിൽ റോഡരികിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും മണ്ണിനടിയിൽ പെട്ടു.
പ്രദേശത്ത് കയറ്റിറക്കങ്ങൾ കൂടുതലായതിനാലും പാർക്കിങ് സൗകര്യങ്ങളുടെ ലഭ്യതക്കുറവ് മൂലവുമാണ് പലരും ഇരുമ്പുപാലം പഴമ്പിള്ളിച്ചാൽ – ആറാംമൈൽ റോഡരികിലുള്ള ഷെഡിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്. അപകടസമയത്ത് ഏഴ് ഇരുചക്ര വാഹനങ്ങളും ഒരു ഓട്ടോറിക്ഷയുമാണ് ഈ ഷെഡിൽ ഉണ്ടായിരുന്നത്.
കുന്നിൻമുകളിൽ നിന്ന് വൻതോതിൽ മണ്ണും കല്ലും ചെളിയും ഒഴുകിയെത്തി ഷെഡ് പൂർണ്ണമായും തകരുകയായിരുന്നു. തുടർന്ന് വാഹനങ്ങൾ മണ്ണിനടിയിൽപ്പെടുകയായിരുന്നു.
ഈ അപകടത്തിൽ തകർന്ന എല്ലാ വാഹനങ്ങളും പ്രസ്തുത കുടുംബവുമായി ബന്ധമുള്ളവരുടേതാണ്. ഇന്നലെ ജെസിബി ഉൾപ്പെടെയുള്ള മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇവ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

