കൊച്ചി ഔട്ടർ റിങ് റോഡ് (കുണ്ടന്നൂർ ബൈപാസ്) പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായകമായ അലൈൻമെന്റ് തർക്കം ഉടലെടുത്തു. എട്ടുവരി പാതയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് അലൈൻമെന്റിൽ അനിശ്ചിതത്വം രൂപപ്പെട്ടിരിക്കുന്നത്.
ഈ പ്രശ്നം പൂർണ്ണമായി പരിഹരിച്ചതിന് ശേഷം മാത്രമേ തുടർനടടിയായ 3എ വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളൂ. പദ്ധതിയുടെ പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ മാസം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു.
ബൈപാസ് കടന്നുപോകുന്ന വില്ലേജുകൾ ഏതൊക്കെയെന്നും, ഭൂമി ഏറ്റെടുക്കൽ നടപടികൾ നിരീക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഈ വിജ്ഞാപനത്തിലൂടെ പുറത്തുവിട്ടത്. ചില പ്രദേശങ്ങളിലെ സാറ്റലൈറ്റ് പരിശോധന ഉൾപ്പെടെയുള്ള പുനഃപരിശോധനാ റിപ്പോർട്ടുകൾ കൂടി അംഗീകരിച്ച ശേഷമേ സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ഉണ്ടാകൂ എന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സൂചന നൽകിയിരുന്നുവെങ്കിലും, ഒരു മാസം പിന്നിട്ടിട്ടും അടുത്ത ഘട്ട
വിജ്ഞാപനം പുറത്തുവന്നിട്ടില്ല. ഇതിനിടയിലാണ് പുതിയ അലൈൻമെന്റ് തർക്കം ഉയർന്നുവന്നിരിക്കുന്നത്.
മുൻപും ഒരു തവണ 3എ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്. എന്നാൽ ആ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ വർഷം ആഗസ്റ്റിൽ അവസാനിച്ചതോടെ പദ്ധതിക്ക് തിരിച്ചടി നേരിടുകയായിരുന്നു.
നിശ്ചിത സമയത്തിനകം, അതായത് 2025 ആഗസ്റ്റ് 29നകം പുറപ്പെടുവിക്കേണ്ട 3ഡി വിജ്ഞാപനം പുറത്തിറക്കാൻ സാധിക്കാതെ വന്നതോടെയാണ് നടപടിക്രമങ്ങൾ ആദ്യഘടം മുതൽ വീണ്ടും ആരംഭിക്കേണ്ടി വന്നത്.
മുൻപ് ഇറക്കിയ 3എ വിജ്ഞാപനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം നടപടികളും പൂർത്തിയായ വേളയിലാണ് അധികൃതർ വീണ്ടും ട്രാഫിക് സർവേ നടത്തുകയും പാതയുടെ വീതി ആറുവരിയിൽ നിന്ന് എട്ടുവരിയായി വർദ്ധിപ്പിക്കുകയും ചെയ്തത്.
ദേശീയപാതയിൽ 544-ാം കിലോമീറ്ററിൽ അങ്കമാലി കരയാംപറമ്പ് മുതൽ അരൂർ വരെ ആകെ 49.487 കിലോമീറ്റർ ദൈർഘ്യത്തിലാണ് പുതിയ റോഡ് നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

