ഓഗസ്റ്റ് ആദ്യവാരത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കനത്ത നാശം വിതച്ച പേമാരിക്ക് കാരണം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദവും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ അറബിക്കടലിൽ രൂപപ്പെട്ട
തീരദേശ ന്യൂനമർദപ്പാത്തിയും ആണെന്ന് വിലയിരുത്തൽ. പൂഞ്ഞാർ, ഈരാറ്റുപേട്ട, വാഗമൺ, കുട്ടിക്കാനം, മൂന്നാറിലെ വട്ടവട
തുടങ്ങിയ പ്രദേശങ്ങളിൽ രൂപപ്പെട്ട കൂമ്പാരമേഘങ്ങളാണ് ഇത്തവണത്തെ ശക്തമായ മഴയ്ക്ക് ആധാരമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യാൻ ഇത്തരം മേഘങ്ങൾ കാരണമായി. ഒന്നോ രണ്ടോ പ്രത്യേക കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് കൂമ്പാരമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതകൾ ഇനിയുമുണ്ട്.
എന്നാൽ, നിലവിലുണ്ടാകുന്ന മഴയുടെ ആഘാതം ഉൾക്കൊള്ളാൻ മണ്ണിന് സാധിക്കാത്തത് വ്യാപകമായ മണ്ണൊലിപ്പതിനും മണ്ണിടിച്ചിലിനും ഇടയാക്കുന്നുണ്ട്. അതേസമയം, തുടർച്ചയായ മഴയ്ക്ക് ശേഷം കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമായ മഴ പെയ്യുന്ന സാഹചര്യം ഒഴിവായത് ഉരുൾപൊട്ടൽ പോലുള്ള വലിയ ദുരന്തങ്ങളുടെ വ്യാപ്തി കുറച്ചു.
ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്ക് ശേഷം ഇന്നലെ കോട്ടയം, ഇടുക്കി ജില്ലകളിൽ കാര്യമായ മഴ ലഭിച്ചില്ല. മലയോര മേഖലകളിൽ പൊതുവെ ശാന്തമായ അന്തരീക്ഷമാണ് നിലവിലുള്ളത്.
കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പെരിങ്ങുളം ഉറവപ്ലാവിൽ ചേലക്കാട്ട് ജോസഫിന്റെ (80) സംസ്കാരം നടന്നു.
തമിഴ്നാട് തിരുവള്ളുവർ സ്വദേശി സംഗീത അരുൾലാലിന്റെ (35) മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. മണ്ണിടിച്ചിൽ ഗതാഗതം തടസ്സപ്പെടുത്തിയ ഈരാറ്റുപേട്ട– വാഗമൺ റോഡിലെയും പൂഞ്ഞാർ– അടിവാരം റോഡിലെയും തടസ്സങ്ങൾ നീക്കി ഇന്നലെ രാവിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
എങ്കിലും റോഡരികുകളിൽ പലയിടത്തും വലിയ മൺകൂനകൾ അവശേഷിക്കുന്നുണ്ട്. അടിമാലി പഴമ്പിള്ളിച്ചാലിൽ ഞായറാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു.
സംഭവസ്ഥലത്ത് 6 ഇരുചക്രവാഹനങ്ങളും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായെങ്കിലും ആളപായമില്ല. വട്ടവട
കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഷെഡ് തകർന്ന് മരിച്ച ബാലകൃഷ്ണൻ പെരുമാളിന്റെയും ബന്ധു സി.ചിന്നമ്മാളിന്റെയും മൃതദേഹങ്ങൾ കൊട്ടക്കാമ്പൂരിൽ സംസ്കരിച്ചു. കൊട്ടക്കാമ്പൂരിൽ റോഡ് ഒലിച്ചുപോയതിനെ തുടർന്ന് തട്ടാമ്പാറ ഭാഗത്ത് 30 കുടുംബങ്ങളും നിരവധി വിനോദസഞ്ചാരികളും ഒറ്റപ്പെട്ട
നിലയിലാണ്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പഴമ്പിള്ളിച്ചാൽ ഗവ.എൽപി സ്കൂളിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 5 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജാഗ്രതാ നിർദേശങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഹൈറേഞ്ചിലേക്കുള്ള യാത്രകൾ താൽക്കാലികമായി മാറ്റിവെക്കണമെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

