ആരോഗ്യ സംരക്ഷണ മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചി ആസ്റ്റർ മെഡിസിറ്റിക്കായി 10 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ, ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ ഹരിത ഊർജ സംരംഭം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ് അമ്പലത്തറയിലും സമീപ പ്രദേശങ്ങളിലുമായി ഒയിസ്റ്റർ റിന്യൂവബിൾ വികസിപ്പിച്ചെടുത്ത ഗ്രൗണ്ട് മൗണ്ടഡ് സോളർ പ്രൊജക്റ്റാണിത്. ഉഷ്ണമേഖലാ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് പൂർണമായും ഇണങ്ങുന്ന രീതിയിൽ ഉയർന്ന കാര്യക്ഷമത നൽകുന്ന ബൈഫേഷ്യൽ സോളർ മൊഡ്യൂളുകളാണ് ഈ പദ്ധതിക്കായി സജ്ജീകരിച്ചിട്ടുള്ളത്.
ഇത് വഴി സ്ഥാപനത്തിന്റെ ദൈനംദിന ഊർജ ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സോളർ പദ്ധതിയിലൂടെ വർഷം തോറും ഏകദേശം 1.6 മുതൽ 1.75 കോടി യൂണിറ്റ് വരെ പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് ആസ്റ്റർ മെഡിസിറ്റിയുടെ ആകെ ഊർജ ആവശ്യത്തിന്റെ 90 ശതമാനത്തിലധികവും പരിഹരിക്കും. ആസ്റ്റർ ഗ്രൂപ്പിന് 26 ശതമാനം ഇക്വിറ്റി പങ്കാളിത്തമുള്ള ഓയിസ്റ്റർ ഗ്രീൻ ഹൈബ്രിഡ് ടു പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ആശുപത്രിയിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ വർഷം തോറും ഏകദേശം 23,138 മെട്രിക് ടൺ കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിക്കായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ആകെ 3.87 കോടി രൂപയാണ് മുതൽമുടക്കിയിരിക്കുന്നത്.
നിലവിൽ പദ്ധതിയുടെ ആദ്യ ഘട്ടമാണ് കമ്മിഷൻ ചെയ്തിട്ടുള്ളത്, വരും ദിവസങ്ങളിൽ തന്നെ തുടർന്നുള്ള ഘട്ടങ്ങളും പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ‘ഒരു ആരോഗ്യപരിപാലന സ്ഥാപനം എന്ന നിലയിൽ, ആശുപത്രികൾക്കുള്ളിൽ നൽകുന്ന പരിചരണത്തിനപ്പുറത്തേക്ക് ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം കൂടെയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
ഭാവിയിലേക്ക് കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിക്ഷേപങ്ങൾ ഞങ്ങൾ തുടരും’, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സിഇഒ (ഇന്ത്യ 1) രമേഷ് കുമാർ പറഞ്ഞു. ‘ഹരിത ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതാണ് പദ്ധതി.
വൈദ്യുതി തടസ്സമില്ലാതെ ആവശ്യം വരുന്ന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക്, അത് ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ആസ്റ്ററിന്റെ ഇത്തരം സുസ്ഥിര പദ്ധതികളിൽ പങ്കാളികളാകാൻ കഴിയുന്നതിൽ അഭിമാനമുണ്ട്’, ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സിദ്ധാർത്ഥ് ഭാട്ടിയ പറഞ്ഞു.
ആരോഗ്യ സംരക്ഷണം പോലെയുള്ള ഉയർന്ന ഊർജ ആവശ്യകതയുള്ള മേഖലകളിൽ പുനരുപയോഗ ഊർജ പരിഹാരങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ ചുവടുവെപ്പ്. ഇത്തരം മാതൃകാപരമായ സംരംഭങ്ങളിലൂടെ പരമ്പരാഗത ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുകയാണ് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

