കൊച്ചിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണതായി സംശയിക്കുന്ന യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. കൊല്ലം പുല്ലമല സ്വദേശിയായ രാഹുൽ ആണ് ദാരുണമായി മരിച്ചത്.
തിങ്കളാഴ്ച രാവിലെ കൊച്ചി പൊന്നുരുന്നി റെയിൽവേ മാർഷലിങ് യാർഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് മലബാർ എക്സ്പ്രസിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ.
പുലർച്ചെ 3 മണിക്കും 3.30നും ഇടയിൽ ട്രെയിൻ കൊച്ചിയിലൂടെ കടന്നുപോകുമ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. താൻ ഉറങ്ങുന്നതിനു മുൻപ് രാഹുൽ വാതിലിനടുത്ത് ഇരിക്കുന്നത് കണ്ടിരുന്നു എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കൊല്ലത്ത് ട്രെയിൻ ഇറങ്ങിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം സുഹൃത്ത് അറിയുന്നത്. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല.
ഇതോടെ സുഹൃത്ത് റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. രാവിലെ 8.17ഓടെ പൊന്നുരുന്നിയിലെ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കടവന്ത്ര പൊലീസ് സ്ഥലത്തെത്തുമ്പോൾ രാഹുലിന്റെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഈ കോൾ എടുത്തതോടെയാണ് കൊല്ലത്തുള്ള സുഹൃത്തുമായി സംസാരിക്കാനും മരിച്ചത് രാഹുലാണെന്ന് തിരിച്ചറിയാനും പൊലീസിന് സാധിച്ചത്.
ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ പുറത്തേക്ക് വീണതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലാണ് മൃതദേഹം ട്രാക്കിന് തൊട്ടടുത്ത് കണ്ടെത്തിയത്.
അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

