ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ മുൻനിർത്തി വീടിന്റെ ടെറസിൽ കൂൺ കൃഷി നടത്തി മാസം തോറും മികച്ച വിജയം നേടുകയാണ് കോട്ടയം ജില്ലയിലെ ഒരു കുടുംബം. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനടുത്ത് താലുങ്കലിലെ സ്വന്തം വീട്ടിലാണ് ജീമോൾ ജെയിസ് രണ്ടു പെൺമക്കളുടെ പങ്കാളിത്തത്തോടെ ജെ.ജെ.മഷ്റൂം എന്ന സ്ഥാപനം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നത്.
ഈ ചെറിയ സംരംഭത്തിലൂടെ മാസം 1.5 ലക്ഷം രൂപ വരെയാണ് ഇവർ വരുമാനം നേടുന്നത്. കൂൺ കൃഷിക്കൊപ്പം തന്നെ ഇപ്പോൾ വിവിധ മൂല്യവർധിത ഉൽപന്നങ്ങളും ഇവർ നിർമിച്ചു വിൽക്കുന്നുണ്ട്.
കൂൺ അച്ചാർ, കൂൺ ചട്നി പൗഡർ, കൂൺ സൂപ്പ് എന്നിവയ്ക്കെല്ലാം വിപണിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിൽ പ്രധാനമായും ചിപ്പിക്കൂൺ ആണ് കൂടുതൽ അളവിൽ കൃഷി ചെയ്യുന്നത്.
പ്രീഡിഗ്രിവരെ പഠിച്ച ജീമോൾ ആദ്യം കൂട്ടിക്കലിൽ ഒരു ബേക്കറി നടത്തിയിരുന്നെങ്കിലും വാടകക്കെട്ടിടം ഒഴിയേണ്ടി വന്നതോടെയാണ് കൂൺ കൃഷിയിലേക്കു തിരിഞ്ഞത്. എക്സ്–റേ ടെക്നിഷ്യനായ ഭർത്താവ് ജയിംസ് സൗദിയിലാണ് ജോലി ചെയ്യുന്നത്.
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ലെനയും എട്ടാം ക്ലാസുകാരി അന്നമോളും അമ്മയുടെ ബിസിനസിൽ സജീവമായി ഒപ്പമുണ്ട്. വീട്ടുചെലവുകളും മക്കളുടെ പഠനച്ചെലവുകളും പൂർണ്ണമായും ഈ സംരംഭത്തിൽ നിന്നാണ് കണ്ടെത്തുന്നത്.
മഷ് പല്ലറ്റും കൂൺ വിത്തുകളും കോട്ടയത്തെ ലീനാസ് മഷ്റൂം എന്ന സ്ഥാപനത്തിൽ നിന്നാണ് വാങ്ങി വരുന്നത്. മുണ്ടക്കയത്തെ ബേക്കറിഷോപ്പുകൾ, പച്ചക്കറി കടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് പുറമെ നേരിട്ട് വീട്ടിലെത്തിയും നിരവധി പേർ കൂൺ വാങ്ങാൻ എത്തുന്നുണ്ട്.
ക്രെഡിറ്റ് സമ്പ്രദായം ഒഴിവാക്കിയാണ് കച്ചവടം നടത്തുന്നത്. ഉൽപാദിപ്പിക്കുന്നതിന്റെ 80 ശതമാനവും കൂൺ ആയി തന്നെ വിൽക്കുമ്പോൾ, ബാക്കി 20 ശതമാനം മാത്രമാണ് മൂല്യവർധിത ഉൽപന്നങ്ങൾക്കായി ഉപയോഗിക്കുന്നത്.
പിഎംഎഫ്എംഐ പദ്ധതി പ്രകാരം എസ്ബിഐയിൽ നിന്ന് മൂന്നു ലക്ഷം രൂപ വായ്പ ലഭിച്ചിരുന്നു. 35% ശതമാനം സബ്സിഡിയടക്കം വായ്പ ലഭ്യമാക്കാൻ വ്യവസായ വകുപ്പ് ജീവനക്കാരായ ഫൈസൽ, അശ്വിൻ എന്നിവരുടെ പിന്തുണയുണ്ടായതായി അവർ വ്യക്തമാക്കുന്നു.
ഷെഡ്, റാക്ക്, വയറിങ്, പ്ലമിങ് എന്നിവയ്ക്കാണ് പ്രധാനമായും വായ്പ തുക വിനിയോഗിച്ചത്. തൊഴിലാളികളുടെ സഹായമില്ലാതെ കുടുംബാംഗങ്ങൾ മാത്രമാണ് എല്ലാ ജോലികളും ചെയ്യുന്നത്.
പ്രതിദിനം 10 മുതൽ 15 കിലോഗ്രാം വരെ കൂൺ ഉൽപാദിപ്പിച്ച് വിൽക്കുന്നുണ്ട്. ഭാവിയിൽ മഷ്റൂം സൂപ്പ് പൗഡറിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം മഷ്റൂം ബിരിയാണിയും കൂൺ ചപ്പാത്തിയും വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.
മുൻകാലങ്ങളെ അപേക്ഷിച്ച് കൂൺ കൃഷി ഏറെ ലളിതമാണെന്ന് ജീമോൾ ജെയിസ് പറയുന്നു. വയ്ക്കോൾ പുഴുങ്ങുന്നതിന് പകരം മരത്തിന്റെ പല്ലറ്റ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
ഒരു ബഡിൽ നിന്ന് മൂന്ന് നാല് മാസം വരെ മികച്ച വിളവെടുപ്പ് സാധ്യമാണ്. കൃത്യമായ ശ്രദ്ധയും പരിചരണവും നൽകിയാൽ കുറഞ്ഞ മുതൽമുടക്കിൽ വലിയ വരുമാനം നേടാൻ സാധിക്കുന്ന ഒരു സംരംഭമാണിത്.
വിലാസം: ജീമോൾ ജയിംസ്, ജെ.ജെ. മഷ്റൂം, താലുങ്കൽ, കൂട്ടിക്കൽ പി.ഒ., മുണ്ടക്കയം, കോട്ടയം – 686514
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

