ആധുനിക സ്മാർട്ട്ഫോണുകളുടെ നിർണായക ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറിക്കഴിഞ്ഞിരിക്കുന്നു. ഗൂഗിൾ പിക്സൽ 11 സീരീസിന്റെ പ്രധാന പ്രത്യേകതകളിൽ പലതും എഐ ഫീച്ചറുകളായിരുന്നു.
സാംസങ് ഫോണുകളും ഇതിൽ നിന്ന് വ്യത്യസ്തമല്ല; സാംസങ് ഗാലക്സി എഐ (Samsung Galaxy AI) എന്ന പേരിൽ നിരവധി ഇന്റലിജൻസ് ടൂളുകളാണ് ഇവർ നൽകുന്നത്. എങ്കിലും, എഐ ഫീച്ചറുകൾ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.
ക്ലൗഡ് വഴി പ്രവർത്തിക്കുന്നവയും, ഗൂഗിളിന്റെ ജെമിനി നാനോ പോലെ ഫോണിൽ നേരിട്ട് പ്രവർത്തിക്കുന്നവയും. ക്ലൗഡ് എഐ പ്രോസസ്സിംഗ് പൂർണ്ണമായും ഓഫാക്കി ഡിവൈസിൽ മാത്രം പ്രവർത്തിക്കുന്ന ടൂളുകൾ നിലനിർത്താൻ സാംസങ് ഫോണുകളിൽ ഒരു പ്രത്യേക സംവിധാനമുണ്ട്.
പ്രോസസ് ഡാറ്റ ഓൺലി ഓൺ ഡിവൈസ് (Process data only on device) എന്നാണ് ഇതിന്റെ പേര്. ഗാലക്സി എഐയുടെ വിപുലമായ ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും തടയാനുള്ള മാർഗ്ഗമായാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്.
കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണിത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എങ്കിലും, ഏറ്റവും ഉപകാരപ്രദമായ പല ഫീച്ചറുകളും ഇതിലൂടെ നഷ്ടപ്പെടുന്നു എന്നൊരു വശവുമുണ്ട്.
കൂടാതെ, ചില എഐ ഫീച്ചറുകൾ നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് അപ്ലോഡ് ചെയ്യുന്നത് തുടരുന്ന ചെറിയൊരു പഴുതും ഇതിലുണ്ട്. ഈ ഫീച്ചർ ഓഫാക്കുമ്പോൾ എല്ലാ അഡ്വാൻസ്ഡ് ഇന്റലിജൻസ് ഫീച്ചറുകളും പേജിൽ കാണാൻ സാധിക്കും.
എന്നാൽ ഇത് ഓൺ ചെയ്യുമ്പോൾ ലിസ്റ്റിന്റെ വലുപ്പം കുറയുകയും, ഡിവൈസിൽ മാത്രം പ്രവർത്തിക്കുന്നവ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. നോട്ട്സ് ആപ്പ്, വോയ്സ് റെക്കോർഡർ, സാംസങ് ഇന്റർനെറ്റ്, സാംസങ് കീബോർഡ് എന്നിവയിലെ എഐ ജനറേറ്റഡ് സംഗ്രഹങ്ങൾ ഇതിലൂടെ നഷ്ടപ്പെടുന്നു.
നോട്ട്സ് ആപ്പിലെ ഡ്രോയിംഗ് അസിസ്റ്റ്, കവർ ജനറേഷൻ തുടങ്ങിയവയും ഇതിലൂടെ പ്രവർത്തനരഹിതമാകുന്നു. സാംസങ് ഇന്റർനെറ്റിലെ ഹൈലൈറ്റ്സ് ഉറക്കെ വായിക്കുന്ന സൗകര്യവും, സാംസങ് കീബോർഡിന്റെ ടെക്സ്റ്റ് കമ്പോസറും ഓർഗനൈസറും ലഭ്യമല്ലാതാകും.
ഗാലറി ആപ്പിലെ ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുകളും ക്ലൗഡ് പ്രോസസ്സിംഗിനെയാണ് ആശ്രയിക്കുന്നത്. എഐ ഇറേസർ, സ്കെച്ച്-ടു-ഇമേജ്, പോർട്രെയ്റ്റ് ഫീച്ചറുകൾ, ക്രിയേറ്റീവ് സ്റ്റുഡിയോ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ തർജ്ജമ, ട്രാൻസ്ക്രിപ്ഷൻ ടൂളുകൾ, ലൈവ് ട്രാൻലേറ്റ്, കോൾ സ്ക്രീനിംഗ്, ഓഡിയോ ഇറേസർ എന്നിവയെല്ലാം യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ക്ലൗഡ് ഉപയോഗം തടയുന്നത് ഡിവൈസ് എഐ ടൂളുകളുടെ വേഗതയെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിവിധ അളവിലുള്ള ഓഡിയോകൾ ട്രാൻസ്ക്രിപ്റ്റ് ചെയ്തു നോക്കിയപ്പോൾ വേഗതയിൽ കാര്യമായ വ്യത്യാസങ്ങളൊന്നും കണ്ടെത്തിയില്ല.
ഡിവൈസ് എഐ ഫങ്ഷൻ ഉപയോഗിക്കുന്നതിനുള്ള ഘട്ടങ്ങൾ:
– സെറ്റിംഗ്സ് ആപ്പ് തുറന്ന് ഗാലക്സി എഐ (Galaxy AI) തിരഞ്ഞെടുക്കുക.
– താഴേക്ക് സ്ക്രോൾ ചെയ്ത് പ്രോസസ് ഡാറ്റ ഓൺലി ഓൺ ഡിവൈസ് (Process data only on device) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
– ടോഗിൾ എനേബിൾ ചെയ്യുക. ഈ ഫീച്ചർ എനേബിൾ ചെയ്ത ശേഷം ക്ലൗഡ് എഐ ടൂൾ ഉപയോഗിക്കുകയാണെങ്കിൽ, സെറ്റിംഗ്സ് മാറ്റാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോപ്പ്-അപ്പ് സ്ക്രീനിൽ തെളിയും.
ചില ക്ലൗഡ് എഐ ഫീച്ചറുകൾ ഡാറ്റ ശേഖരിക്കുന്നത് തുടരുന്നു
ഡാറ്റ പ്രോസസ്സിംഗ് ഡിവൈസിൽ മാത്രമായി പരിമിതപ്പെടുത്തുന്ന ഈ സംവിധാനം സാംസങ് ഗാലക്സി എഐക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. ഫോണിൽ നടക്കുന്ന ഗൂഗിൾ എഐ ക്ലൗഡ് പ്രോസസ്സിംഗിനെ ഇത് ബാധിക്കില്ല.
അതുകൊണ്ട് തന്നെ ജെമിനിയോട് സംശയങ്ങൾ ചോദിക്കുമ്പോഴും, സർക്കിൾ ടു സർച്ച് ഉപയോഗിക്കുമ്പോഴും ഡാറ്റ ഗൂഗിളിന്റെ സെർവറുകളിലേക്ക് തന്നെയാണ് പോകുന്നത്. ഈ ഫീച്ചർ ഉപയോഗിക്കണമോ വേണ്ടയോ എന്നത് പൂർണ്ണമായും ഉപയോക്താക്കളുടെ വ്യക്തിപരമായ തീരുമാനമാണ്.
സാംസങ്ങിന്റെ ക്ലൗഡ് സെർവറുകളിൽ നിന്ന് ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ഇത് സഹായിക്കും. എങ്കിലും ഗൂഗിളിന്റെ ടൂളുകൾ ഉപയോഗിക്കുമ്പോൾ വിവരങ്ങൾ ശേഖരിക്കപ്പെടുന്നത് തുടരുമെന്ന കാര്യം ഓർക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

