സംസ്ഥാനത്ത് ഈ അധ്യയനവർഷം എൽഎസ്എസ്എൽസി പരീക്ഷയ്ക്ക് ‘മിനിമം മാർക്ക്’ വ്യവസ്ഥ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അറിയിച്ചു. എന്നാൽ 8, 9 ക്ലാസുകളിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ മിനിമം മാർക്ക് രീതി തുടർന്നുപോകും.
ഈ വർഷം പത്താം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പിലാക്കാൻ മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും, പ്രായോഗിക ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുള്ളതിനാലാണ് യുഡിഎഫ് സർക്കാരിന്റെ ഈ പുതിയ നടപടി. പഠനനിലവാരം കുറയുന്നുവെന്ന വ്യാപകമായ പരാതികളെത്തുടർന്നാണ് മിനിമം മാർക്ക് രീതി വീണ്ടും കൊണ്ടുവരാൻ രണ്ടു വർഷം മുൻപ് തീരുമാനമെടുത്തത്.
ഇതിന്റെ ഭാഗമായി 2024–25 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലും കഴിഞ്ഞ വർഷം ഒൻപതാം ക്ലാസിലും ഈ സംവിധാനം നടപ്പാക്കിയിരുന്നു. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലേക്കും ഇതു വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.
എട്ടാം ക്ലാസുകളിലും ഒൻപതാം ക്ലാസുകളിലും വാർഷിക പരീക്ഷയ്ക്ക് 30 ശതമാനം മാർക്ക് നേടാത്ത കുട്ടികളെ തോൽപിക്കുന്നതിനു പകരം, അവധിക്കാലത്ത് പ്രത്യേക പരിശീലനം നൽകി പുനഃപരീക്ഷ നടത്തുന്ന രീതിയാണ് അവലംബിച്ചത്. യുപി തലത്തിലും സമാനമായ രീതിയിൽ പഠനനിലവാരം ഉറപ്പാക്കിവരുന്നുണ്ട്.
എന്നാൽ എസ്എസ്എൽസി തലത്തിൽ ഇത് നടപ്പാക്കുന്നത് തികച്ചും പ്രായോഗികമല്ലാതാകും. എല്ലാ വിഷയങ്ങൾക്കും എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാത്ത വിദ്യാർത്ഥികളെ തോൽപ്പിക്കേണ്ടി വരുന്ന സാഹചര്യം ഉടലെടുക്കും.
ഇത് വർഷങ്ങളായി 99 ശതമാനത്തിനു മുകളിൽ തുടരുന്ന എസ്എസ്എൽസി വിജയശതമാനത്തെ സാരമായി ബാധിക്കുകയും കുത്തനെ ഇടിയാൻ ഇടയാക്കുകയും ചെയ്യും. കൂടാതെ, പ്ലസ് വൺ പ്രവേശനം കുറയുന്നതിനും ഹയർ സെക്കൻഡറി തലത്തിൽ കൂടുതൽ അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും.
ഈ വിഷയങ്ങളെല്ലാം സമഗ്രമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. ഇതോടൊപ്പം പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധിയിലും മാറ്റം വരുത്തിയിട്ടില്ല.
വരുന്ന അധ്യയനവർഷവും പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 വയസ്സായി തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) അടിസ്ഥാനത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായം 6 വയസ്സാക്കണമെന്ന് 2022 മുതൽ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേരളം ഇത് ഉടൻ നടപ്പാക്കാൻ തയ്യാറായിരുന്നില്ല.
ഈ അധ്യയന വർഷം മുതൽ 6 വയസ്സാക്കാൻ 2024ൽ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തെങ്കിലും പിന്നീട് അത് അടുത്ത അധ്യയന വർഷത്തേക്ക് മാറ്റിവയ്ക്കുകയാണുണ്ടായത്. എന്നാൽ ഈ നിർദ്ദേശം ഇപ്പോൾ യുഡിഎഫ് സർക്കാർ പൂർണ്ണമായും ഒഴിവാക്കുകയാണ്.
വർഷങ്ങളായി കേരളത്തിൽ നിലനിൽക്കുന്ന 5 വയസ്സ് എന്ന മാനദണ്ഡം മാറ്റേണ്ടതില്ലെന്നും, പ്രായപരിധി 6 വയസ്സാക്കി ഉയർത്തിയാൽ ആ വർഷം ഒന്നാം ക്ലാസിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും വിലയിരുത്തപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

