നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സംവിധായകൻ തനിക്കെതിരെ വസ്തുതാവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നിരന്തരം ഉന്നയിക്കുന്നതായി ഹർജിയിൽ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം അപകീർത്തികരമായ പോസ്റ്റുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടി മഞ്ജു വാരിയർ ചില വ്യക്തികളുടെയും റാക്കറ്റുകളുടെയും കസ്റ്റഡിയിലാണെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തിവരികയായിരുന്നു.
ഈ സാഹചര്യത്തിലാണ് താരം കർശന നിയമനടപടികളുമായി മുന്നോട്ട് പോയത്. മഞ്ജു വാര്യരെ ഇനി അപകീർത്തിപ്പെടുത്തരുതെന്നാണ് കോടതിയുടെ താൽക്കാലിക ഉത്തരവെന്ന് അവരുടെ അഭിഭാഷക ശാന്തി മായാദേവി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഓരോ ദിവസവും അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങളാണ് സനൽകുമാർ ശശിധരൻ തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയെ നിരന്തരം അധിക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
സനൽകുമാറിന് പുറമെ ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുസമൂഹത്തിൽ ജീവിക്കുന്ന, എല്ലാവർക്കുമറിയാവുന്ന ബഹുമാന്യയായ വ്യക്തിയാണ് മഞ്ജു വാരിയർ.
ഓരോരുത്തർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയായി നിരന്തരം വാർത്താസമ്മേളനങ്ങൾ നടത്തേണ്ട ബാധ്യത താരത്തിനില്ലെന്നും ശാന്തി മായാദേവി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

