സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടയിൽ ആശ്വാസം തേടിയെത്തുന്ന ജനങ്ങൾക്ക് കനത്ത തിരിച്ചടിയായി ചെറുനാരങ്ങ വില വർധന. ഏനാത്ത് മേഖലയുൾപ്പെടെയുള്ള വിപണികളിൽ നാരങ്ങവില ക്രമാതീതമായി ഉയർന്നിരിക്കുകയാണ്.
സാധാരണയായി ഓണക്കാലത്തും വിവാഹ സീസണുകളിലും നാരങ്ങ വില ഉയരാറുണ്ടെങ്കിലും, ഇത്തവണ ഓണം പിന്നിട്ടിട്ടും വിലക്കുറവ് ഉണ്ടായിട്ടില്ല. പ്രധാന മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ഒരു കിലോഗ്രാം ചെറുനാരങ്ങയ്ക്ക് 240 മുതൽ 260 രൂപ വരെയാണ് വില ഈടാക്കുന്നത്.
ഓണക്കാലത്ത് 120 മുതൽ 180 രൂപ വരെയായിരുന്ന വിലയാണ് നിലവിൽ ഇരട്ടിയോളം വർധിച്ചിരിക്കുന്നത്. വിലക്കയറ്റം നാരങ്ങവെള്ളത്തിന്റെ വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്.
ചിലയിടങ്ങളിൽ കടകളിൽ നാരങ്ങവെള്ളത്തിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ചില്ലറ വിൽപന ശാലകളിൽ ഒരു കിലോഗ്രാം നാരങ്ങയ്ക്ക് 280 രൂപയ്ക്ക് മുകളിലാണ് നിരക്ക്.
നാരങ്ങയുടെ വലുപ്പവും ഗുണനിലവാരവും കണക്കിലെടുക്കുമ്പോൾ വില 300 രൂപയും കടക്കുന്നുണ്ട്. വലുപ്പമുള്ള ഒരു നാരങ്ങ വാങ്ങാൻ മാത്രം 10 രൂപയിലധികം നൽകേണ്ട
അവസ്ഥയാണ് ഉള്ളത്. കേരളത്തിലേക്ക് ആവശ്യമായ നാരങ്ങയുടെ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.
എന്നാൽ അവിടെ ഉൽപാദനത്തിൽ ഉണ്ടായ കുറവാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. നിലവിൽ വിപണിയിൽ എത്തുന്നവയിൽ അധികവും വലിപ്പം കുറഞ്ഞ നാരങ്ങകളാണ്.
നീരും മികച്ച ഗുണവുമുള്ള പുളിയൻകുടി നാരങ്ങയ്ക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളതെങ്കിലും ഇതിന് വിലയും ഉയർന്നതാണ്. വിപണിയിൽ എത്തുന്നവയിൽ ഭൂരിഭാഗവും പച്ചനാരങ്ങയായതിനാൽ അവയിൽ നീര് വളരെ കുറവാണ്.
ഇത് ജ്യൂസ് കടകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. നാരങ്ങയിലെ നീരിന്റെ കുറവിനൊപ്പം പഞ്ചസാരയുടെ വിലവർധനയും കൂടിയായപ്പോൾ ലൈം ജ്യൂസ്, ലെമൺ ടീ എന്നിവ തയാറാക്കി വിൽക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കടയുടമകൾ.
വിവാഹ സീസൺ അവസാനിക്കുന്നതോടെ വരും ദിവസങ്ങളിൽ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില നിലവാരം തുടർന്നാൽ നാരങ്ങവെള്ള കച്ചവടം തന്നെ നിർത്തിവെക്കേണ്ടി വരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

