ജോലി സമയം അവസാനിച്ചയുടൻ ഓഫീസ് വിട്ടതിന് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന യുവാവിന് സീനിയർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് താക്കീത് ലഭിച്ചു. പ്രമുഖ സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് ജീവനക്കാരൻ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചത്.
എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കിയിട്ടും അനുവാദമില്ലാതെ ഓഫീസ് വിട്ടു എന്നാരോപിച്ചാണ് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒന്നര വർഷമായി ഈ സ്ഥാപനത്തിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തുവരികയാണ് യുവാവ്.
ജോലി തൃപ്തികരമായാൽ ഭാവിയിൽ സ്ഥിരപ്പെടുത്താൻ സാധ്യതയുള്ള തസ്തികയാണിത്. എന്നാൽ, വകുപ്പ് മേധാവിയെ അറിയിച്ച ശേഷമേ മുതിർന്ന ഉദ്യോഗസ്ഥർ പോലും ഓഫീസിൽ നിന്ന് പോകാറുള്ളൂ എന്നാണ് സ്ഥാപനത്തിലെ അനൗദ്യോഗിക കീഴ്വഴക്കം.
കൂടാതെ, 15 മുതൽ 20 മിനിറ്റ് വരെ വൈകിയെത്തിയാൽ പോലും ജീവനക്കാർ ഇക്കാര്യം ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അറിയിക്കണം. ജോലി ബാക്കിയുള്ള ദിവസങ്ങളിൽ സമയം വൈകിയാലും താൻ ഓഫീസിൽ നിന്ന് ജോലി തീർക്കാറുണ്ടെന്നും, എന്നാൽ എല്ലാ ജോലികളും തീർന്നിട്ടും കൃത്യസമയത്ത് ഇറങ്ങുമ്പോൾ ദിവസേന അനുവാദം ചോദിക്കേണ്ടതിന്റെ ആവശ്യകതയെന്താണ് എന്നുമാണ് ജീവനക്കാരൻ ഉന്നയിക്കുന്ന ചോദ്യം.
മുൻകാലങ്ങളിൽ ജോലി ചെയ്തവരും ഈ രീതിയാണ് പിന്തുടരുന്നതെന്നും അതിനാൽ പുതിയ ജീവനക്കാരനും അത് പാലിക്കണമെന്നുമാണ് അധികൃതരുടെ മറുപടി. എന്നാൽ ഇതൊരു അനാവശ്യ സൂക്ഷ്മപരിശോധനയാണെന്നാണ് (micromanagement) യുവാവിന്റെ വാദം.
ജീവനക്കാരന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. “നിങ്ങൾക്ക് രണ്ട് വഴികളാണുള്ളത്, ഒന്നുകിൽ ഇത് അനുസരിക്കുക, അല്ലെങ്കിൽ മറ്റൊരു ജോലി കണ്ടെത്തുക” എന്ന് ഒരാൾ കമന്റ് ചെയ്തു.
ഈ ജോലിസ്ഥലം തികച്ചും വിഷലിപ്തമാണെന്നും (toxic) താനാണെങ്കിൽ കോൺട്രാക്ട് അവസാനിപ്പിച്ചു പോരുമായിരുന്നു എന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. “എൻ്റെ ആദ്യ കമ്പനിയിൽ മാപ്പ് ചോദിച്ചുകൊണ്ട് ഇമെയിൽ അയക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഞാൻ അന്ന് തന്നെ രാജി ഇമെയിൽ ആണ് അയച്ചത്” എന്നാണ് മറ്റൊരാൾ അനുഭവങ്ങൾ പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

