ഓൺലൈൻ വഴി വാങ്ങിയ വസ്ത്രം പഴയതാണെന്നു കണ്ട് അത് തിരികെ നൽകാൻ ശ്രമിച്ച 54 വയസ്സുകാരന് വൻ തുക നഷ്ടമായി. തളിപ്പറമ്പിന് സമീപത്തുള്ളയാൾക്കാണ് ഈ സൈബർ തട്ടിപ്പിൽ 5.78 ലക്ഷം രൂപ നഷ്ടമായത്.
പ്രമുഖ ഓൺലൈൻ കമ്പനിയിൽ നിന്ന് ഏകദേശം 300 രൂപ വിലവരുന്ന വസ്ത്രമാണ് ഇദ്ദേഹം ഓർഡർ ചെയ്ത് വരുത്തിയത്. എന്നാൽ സാധനം കയ്യിൽ കിട്ടിയപ്പോൾ അതൊരു പഴയ വസ്ത്രമാണെന്ന് വ്യക്തമാവുകയും, തുടർന്ന് ഇത് മാറ്റിയെടുക്കാനായി കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയുമായിരുന്നു.
ഇതിനു പിന്നാലെ രണ്ടു പേർ വീഡിയോ കോളിൽ ബന്ധപ്പെടുകയും വസ്ത്രത്തിന്റെ പണം തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ പ്രക്രിയയ്ക്കായി എടിഎം കാർഡിന്റെ പിൻനമ്പറും ഫോണിൽ വന്ന ഒടിപി നമ്പറും തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു.
വിവരങ്ങൾ കൈമാറിയതിനെ തുടർന്ന് കഴിഞ്ഞ മാസം 24 മുതൽ 26 വരെയുള്ള തീയതികളിലായി ഇയാളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 5.78 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിനു പിന്നിൽ അസം സ്വദേശികളാണെന്നാണ് സംശയിക്കുന്നതെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈൻ കമ്പനിയുടെ യഥാർത്ഥ കസ്റ്റമർ കെയർ നമ്പറിന് പകരം തട്ടിപ്പുകാരുടെ വ്യാജ നമ്പറിലേക്കാണ് ഇദ്ദേഹം വിളിച്ചിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

