സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധന. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 17.51 ഡോളർ ഉയർന്ന് 4377.91 ഡോളറിലെത്തി.
ഈ സാഹചര്യത്തിലാണ് കേരളത്തിലും ഇന്നു വില കുതിച്ചുയർന്നത്. ഇന്ന് ഗ്രാമിന് 130 രൂപ വർധിച്ച് 14,285 രൂപയാണ് വിപണി വില.
പവന് 1040 രൂപ ഉയർന്ന് 1,14,280 രൂപയായി. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 2200 രൂപയും ഗ്രാമിന് 275 രൂപയുമാണ് വർധിച്ചത്.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കുമ്പോൾ സാധാരണയായി സ്വർണവില കുറയുകയാണ് പതിവെങ്കിലും, ഇക്കുറി വിപണിയെ അമ്പരപ്പിച്ചുകൊണ്ട് വില ഉയരുകയാണ്. വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ: ഒന്നാമതായി, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനമാണ് കൂട്ടിയത്.
ഇതോടെ യുഎസ് ഡോളർ സൂചിക 100ന് മുകളിലെത്തി. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി യീൽഡ് 5 ശതമാനത്തിന് മുകളിലുമാണ്.
ഇത് സ്വർണത്തിന് തിരിച്ചടിയാകേണ്ടതാണെങ്കിലും, വിപണിയിൽ വില കൂടുന്ന പ്രവണതയാണ് കണ്ടത്. ക്രൂഡോയിൽ വിലക്കയറ്റവും പണപ്പെരുപ്പ വർധനയും ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയത്.
എന്നാൽ, പലിശ വർധനയ്ക്ക് പിന്നാലെ ക്രൂഡോയിൽ വില താഴ്ന്നു. സൗദിയിൽ നിന്നുള്ള എണ്ണവിതരണം വീണ്ടും സജീവമായത് എണ്ണവില കുറയാൻ കാരണമായി.
ഇതോടെ പണപ്പെരുപ്പം ഇനിയും ഉയരില്ലെന്ന പ്രതീക്ഷകൾ ശക്തമായി. പണപ്പെരുപ്പം നിയന്ത്രണവിധേയമായാൽ ഇനി പലിശനിരക്ക് കൂട്ടേണ്ടി വരില്ല.
ഇനിയൊരു പലിശനിരക്ക് വർധനയ്ക്കുള്ള സാധ്യത മങ്ങിയത് ഡോളറിന്റെയും ബോണ്ടിന്റെയും കുതിപ്പിന് തടയിട്ടു. ഇതേത്തുടർന്ന് സ്വർണവില ഇടിയേണ്ടതിന് പകരം വർധിക്കുകയാണുണ്ടായത്.
രണ്ടാമതായി, പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും ആഗോള സമ്പദ്മേഖലയിലെ അസ്ഥിരതകളും കറൻസി വിപണിയിലെ ചാഞ്ചാട്ടവും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നു. ചൈനയിൽ സ്വർണത്തിന് വലിയ തോതിലുള്ള ആവശ്യകതയുണ്ട്.
ഇന്ത്യയിൽ നിലവിൽ ഡിമാൻഡ് വലിയ തോതിലില്ലെങ്കിലും നവരാത്രി-ദീപാവലി ഉത്സവകാലത്തോടെ ആവശ്യം വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതും സ്വർണവില ഉയരുന്നതിന് കാരണമാകുന്നു.
പവന് 10,000 രൂപ കൂടി വർധിക്കുമോ? നിലവിലെ ട്രെൻഡ് തുടർന്നാൽ രാജ്യാന്തര സ്വർണവില വരുംദിവസങ്ങളിൽ 4420-4440 ഡോളർ നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെടുമെന്നാണ് വിപണിവിദഗ്ധർ വ്യക്തമാക്കുന്നത്. ഈ പ്രതിരോധ നിരക്ക് മറികടക്കാൻ വിപണിയുടെ കരുത്തിന് കഴിഞ്ഞാൽ വില 4540 വരെ ഉയരാം.
അനുകൂല സാഹചര്യം തുടർന്നാൽ ഡിസംബറോടെ അന്താരാഷ്ട്ര വില 4973 ഡോളറിലെത്താം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവന് 10,000 രൂപയെങ്കിലും വർധിക്കുകയും, പവൻവില 1.25 ലക്ഷം രൂപയ്ക്കടുത്തെത്തുകയും ചെയ്യും.
വെള്ളിയും 18 കാരറ്റും സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ വർധിച്ച് 11,735 രൂപയായി. വെള്ളിവില ഗ്രാമിന് 5 രൂപ ഉയർന്ന് 255 രൂപയിലുമെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

