ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് മികച്ച മുന്നേറ്റം. അഞ്ചിലേറെ കോളേജുകളിൽ മുഴുവൻ സീറ്റുകളും നേടിയാണ് സംഘടനയുടെ വിജയം.
അതേസമയം, വിവിധ കോളേജുകളിൽ പ്രധാന പദവികൾ നേടിയതായി എസ്എഫ്ഐയും എൻഎസ്യുഐയും അവകാശപ്പെടുന്നു. അദിതി മഹാവിദ്യാലയം, ശ്രീ ഓറോബിന്ദോ കോളേജ്, ഡോ.
ബി ആർ അംബേദ്കർ കോളേജ്, ഭാരതി കോളേജ്, ശിവജി കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. രാംജാസ് കോളേജിൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളും, ശ്യാമപ്രസാദ് മുഖർജി കോളേജിൽ പ്രസിഡന്റ്, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളും, കേശവ് മഹാവിദ്യാലയത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളും എബിവിപി കരസ്ഥമാക്കി.
മറുവശത്ത്, സാക്കിർ ഹുസൈൻ കോളേജിൽ ജോയിന്റ് സെക്രട്ടറി സീറ്റിലും, മിറാൻഡ ഹൗസ് കോളേജിൽ സെൻട്രൽ കൗൺസിലർ സീറ്റിലും, ഭാസ്കാരാചാര്യ കോളേജിൽ പ്രസിഡന്റ് സീറ്റിലുമാണ് എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചത്. ആര്യഭട്ട
കോളേജിൽ രണ്ട് സീറ്റുകളും ഭാസ്കാരാചാര്യ കോളേജ്, ശ്യാമപ്രസാദ് മുഖർജി കോളേജ് എന്നിവിടങ്ങളിൽ പ്രധാന സീറ്റുകളിലും വിജയം നേടാനായതായി എൻഎസ്യുഐയും വ്യക്തമാക്കി. ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (DUSU) തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ ആരംഭിച്ചു.
നോർത്ത് ക്യാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയത്തിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെ അന്തിമ ഫലപ്രഖ്യാപനമുണ്ടാകും.
രണ്ടുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ ആകെ 40.46 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ഇത് 39.5 ശതമാനമായിരുന്നു.
സർവകലാശാലയ്ക്ക് കീഴിലെ 52 പോളിങ് സെന്ററുകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. വെള്ളിയാഴ്ച രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ഒരു മണിവെരെയും, തുടർന്ന് വൈകിട്ട് മൂന്ന് മുതൽ ഏഴര വരെയും രണ്ടുഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ് ക്രമീകരിച്ചിരുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം 960 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കർശന സുരക്ഷയോടെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിച്ചിരുന്നു. എബിവിപി, എൻഎസ്യുഐ, ഐസ-എസ്എഫ്ഐ സഖ്യം തുടങ്ങിയ സംഘടനകളുടെ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

