കൊച്ചി ∙ സപ്ലൈകോയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്നയാൾക്കു ലോ ഓഫിസറുടെ ഗസറ്റഡ് ചുമതല നൽകിയ എംഡിയുടെ നടപടി വിവാദത്തിൽ. സപ്ലൈകോ ലോ വിഭാഗത്തിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ആർ.
വിജയകുമാറിനാണു ഈ നിയമനം ലഭിച്ചിരിക്കുന്നത്. സപ്ലൈകോ നാഷനൽ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
സാധാരണയായി സെക്രട്ടേറിയറ്റിലെ ലോ വിഭാഗത്തിൽ ഓഫിസർ പദവിയിലുള്ളവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതാണ് ഈ തസ്തിക. എന്നാൽ, ഡിവിഷൻ മേധാവികളുടെ ചുമതലകളിൽ മാറ്റങ്ങൾ വരുത്തി സപ്ലൈകോ എംഡി വി.എം.ജയകൃഷ്ണൻ വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് കീഴ്വഴക്കങ്ങൾ മറികടന്നുള്ള ഈ നിയമനം.
ഇതിനുപുറമേ, ട്രെയ്നിങ് കോ ഓർഡിനേറ്ററുടെ അധിക ചുമതലയും ആർ. വിജയകുമാറിനു അനുവദിച്ചിട്ടുണ്ട്.
ഈ തീരുമാനം സർവീസ് ചട്ടങ്ങളുടെ നവീകണങ്ങൾക്കും ലംഘനത്തിനുമെതിരാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശയാത്രയ്ക്കായി എംഡി അവധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസം ഇത്തരം വിവാദ ഉത്തരവ് പുറത്തിറക്കിയതിലും ജീവനക്കാർ ദുരൂഹത ആരോപിക്കുന്നുണ്ട്.
മുൻകാലങ്ങളിൽ ലോ ഓഫിസറുടെ ഒഴിവുകളിൽ പി ആൻഡ് എ അഡീഷനൽ ജനറൽ മാനേജർമാർക്കായിരുന്നു ചുമതല നൽകിയിരുന്നത്. അതേസമയം, നിയമന നടപടി ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ (എഐടിയുസി) മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകി.
മുൻകാലങ്ങളിൽ ഗുരുതരമായ അച്ചടക്ക ലംഘന നടപടികൾക്ക് വിധേയനായ വ്യക്തിക്ക് ഇത്തരം ഉന്നത ചുമതല നൽകുന്നത് പൊതുമേഖല സ്ഥാപനത്തിന്റെ പ്രതിച്ഛടയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പരാതിയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

