കൊല്ലം: ആത്മീയ ഗുരു മാതാ അമൃതാനന്ദമയിയുടെ 73–ാം പിറന്നാൾ ആഘോഷങ്ങൾക്കായി അമൃതപുരി ഒരുങ്ങുന്നു. വരുന്ന സെപ്റ്റംബർ 26, 27 തീയതികളിലാണ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 26-ന് വൈകിട്ട് 5 മണിക്ക് അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ജന്മദിനമായ സെപ്റ്റംബർ 27-ന് രാവിലെ 11 മണിക്ക് നടക്കുന്ന പിറന്നാൾ സമ്മേളനം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൂടാതെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ സന്നിഹിതനാകുമെന്നാണ് വിവരം.
മുഖ്യമന്ത്രി വി.ഡി. സതീശൻ, സംസ്ഥാനത്തെ വിവിധ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ആധ്യാത്മിക-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പിറന്നാൾ ദിനമായ സെപ്റ്റംബർ 27-ന് പുലർച്ചെ നടക്കുന്ന മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ കാർമികത്വത്തിൽ സത്സംഗം, പാദപൂജ, ലോകശാന്തി പ്രാർഥന, അമൃതകീർത്തി പുരസ്കാര സമർപ്പണം, വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം, സഹായവിതരണം തുടങ്ങിയ ആത്മീയവും ജീവകാരുണ്യപരവുമായ പരിപാടികൾ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

