ജില്ലയിലെ സ്പാ, മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദേശ പൗരന്മാരെ കണ്ടെത്താനായി പരിശോധനകൾ ശക്തമാക്കി കണ്ണൂർ പൊലീസ്. മതിയായ യാത്രാരേഖകളില്ലാതെയും വീസയില്ലാതെയും ജോലിക്കെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി, സ്ഥാപന ഉടമകൾ ജീവനക്കാരുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പാസ്പോർട്ടോ വീസയോ ഇല്ലാതെ ജോലി ചെയ്തുവന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശിനികളെ പിടികൂടിയ സംഭവത്തെ തുടർന്നാണ് ഈ നടപടി. നസ്മ അക്തർ, തസ്ലിമ ഖാത്തൂൺ, മോയ്ന ഖാത്തൂൺ, നസ്റിൻ, സലീന ഖാൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്.
ബംഗ്ലാദേശിൽ നിന്നും അതിർത്തി കടന്ന് കൊൽക്കത്തയിലെത്തിയ ശേഷം, വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചാണ് ഇവർ കേരളത്തിലേക്ക് എത്തിയത്. വ്യാജ രേഖകൾ ചമയ്ക്കുന്നതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും, ബെംഗളൂരു കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ളവരെ കണ്ണൂരിലേക്ക് എത്തിക്കുന്നതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഗൗരവമേറിയ വിഷയമായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളും ഈ റാക്കറ്റിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ റെയ്ഡുകൾ നടത്തിയത്.
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ്ഐ ടി.കെ. അഖിൽ, സിവിൽ പൊലീസ് ഓഫീസർമാരായ സനൂപ്, വിജിന, ബാലാമണി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ തൊഴിലാളികളെ ജോലിക്കിർത്തിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളും ഉടൻതന്നെ അവരുടെ രേഖകൾ പരിശോധനയ്ക്കായി സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സ്പാ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

