വിവാഹച്ചടങ്ങുകളിൽ ഭക്ഷണം എത്തിക്കാതെയും പണം തട്ടിയെടുത്തെയും കേസിൽ കാറ്ററിങ് ഏജൻസി ഉടമ പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളിയിൽ ‘ഉദയം’ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹനനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ 13ന് ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നടന്ന വിവാഹച്ചടങ്ങുകൾക്കാണ് ഇയാൾ പണം മുൻകൂറായി വാങ്ങിയ ശേഷം ഭക്ഷണം നൽകാതെ വഞ്ചിച്ചത്. കഞ്ഞിക്കുഴി സ്വദേശിയായ വധുവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് ഇന്നലെ വൈകിട്ടോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ മുണ്ടക്കയം പൊലീസ് ഇന്നലെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോറ്റി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ 400 ആളുകൾക്കുള്ള സദ്യയ്ക്കായി 1.4 ലക്ഷം രൂപയാണ് വിഷ്ണു മുൻകൂർ കൈപ്പറ്റിയത്.
കഞ്ഞിക്കുഴി സ്വദേശിനിയായ യുവതിയുടെ വിവാഹത്തിൽ 250 ആളുകൾ പങ്കെടുക്കുന്ന ചടങ്ങിന് ഭക്ഷണവും സ്റ്റേജ് അലങ്കാരവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് ഉറപ്പിച്ചിരുന്നത്. ഈ തട്ടിപ്പ് വിവരം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങൾ വഴി കൂടുതൽ ആളുകൾ പ്രതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
കൂടാതെ, മകന്റെ വിവാഹത്തിനും മധുരംവയ്പ് ചടങ്ങിനുമായി ഭക്ഷണവും സ്റ്റേജ് അലങ്കാരവും വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന് മറ്റൊരു പരാടിയും ലഭിച്ചിട്ടുണ്ട്. കിഴക്കമ്പലം കുന്നുക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടക്കേണ്ടിയിരുന്ന ചടങ്ങുകൾക്കായി കാഞ്ഞിരപ്പള്ളി ‘ഉദയം ഇവന്റ്സ് ആൻഡ് കേറ്ററിങ്’ നടത്തിപ്പുകാരനായ വിഷ്ണുവിനെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു.
കുന്നുക്കുരുടി സ്വദേശി എൽദോയുടെ പരാതിയിലാണ് ഈ നടപടി. പെൺകുട്ടിയുടെയും പരാതിക്കാരന്റെ മകന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഗൂഗിൾ പേ വഴി വിവിധ ഘട്ടങ്ങളിലായാണ് മൂന്ന് ലക്ഷം രൂപ പ്രതി കൈക്കലാക്കിയത്.
എന്നാൽ കഴിഞ്ഞ 12ന് നടന്ന മധുരംവയ്പിനോ 14ന് നടന്ന വിവാഹത്തിനോ ഭക്ഷണം നൽകുകയോ സ്റ്റേജ് അലങ്കരിക്കുകയോ ചെയ്യാതെ ഇയാൾ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

