തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വൈകുന്നേരം 6.12 മുതല്‍ രാത്രി 12.45 വരെയുള്ള സമയങ്ങളിലാണ് ഇടയ്ക്കിടെ നിയന്ത്രണങ്ങള്‍ ബാധകമാവുക.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ത്തന്നെ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പീക്ക് ഡിമാന്‍ഡ് 5496MW സാധാരണ വേനല്‍ കാലങ്ങളില്‍ രേഖപ്പെടുത്തിയ ഡിമാന്‍ഡിന് തുല്യമാണ്.
മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍നിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതില്‍ വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് അനുഭവപ്പെടുകയാണെന്നാണ് വിശദീകരണം. കൂടാതെ ദേശീയ തലത്തില്‍ ഗ്രിഡ് കണ്ട്രോളര് ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്ക്കുന്നു.
സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്. ദേശീയതലത്തില്‍ കാറ്റാടി നിലയങ്ങളില്‍നിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് വ്യക്തമാക്കി.
മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ല. ആയതിനാല്‍ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി അനുഭവപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

