കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകൽ സംഘം സജീവമാകുന്നതായി വ്യാപക പരാതി. അതിരമ്പുഴ പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസമായി സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങുന്ന സംഘം, കുട്ടികളെ കാറിൽ കയറ്റാൻ ശ്രമിച്ചതായാണ് മാതാപിതാക്കളുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
സംഭവത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 5.30-നാണ് സംഭവം നടന്നത്.
ട്യൂഷനുവേണ്ടി വീട്ടിൽ നിന്നിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി കാറിലെത്തിയ സംഘം വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീയും പുരഷനും അടങ്ങുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് വിവരം.
ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാമെന്ന് തെറ്റിധരിപ്പിച്ചാണ് കാറിലുണ്ടായിരുന്ന സ്ത്രീ വിദ്യാർഥിനിയെ സമീപിച്ചത്. എന്നാൽ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ കുട്ടി ഭയന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
കുട്ടി തിരികെ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കാറിലുണ്ടായിരുന്ന യുവതി പുറത്തിറങ്ങി നിൽക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, കഴിഞ്ഞ ദിവസം കാലിന് സ്വാധീനക്കുറവുള്ള മറ്റൊരു വിദ്യാർഥിനിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സംഘം സമീപിച്ചതായും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.
തുടർന്ന് പരിഭ്രാന്തരായ നാട്ടുകാർ അതിരമ്പുഴയിൽ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വിവരം ജനപ്രതിനിധികളെയും ഉന്നത പൊലീസുദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് നാട്ടകം സുരേഷ് എംഎൽഎ പൊലീസിനോട് ആവശ്യപ്പെട്ടു. ഏറ്റുമാനൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ സമീപത്തെ ഒരു സ്കൂളിലെ മറ്റൊരു വിദ്യാർഥിയെ കാണാതായതായുള്ള വിവരവും നാട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

