വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന സുതാര്യമാക്കാൻ ലക്ഷ്യമിട്ട് കംപ്യൂട്ടർ സംവിധാനത്തിന്റെ സഹായത്തോടെ നടപ്പിലാക്കിയ ഓട്ടമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകളുടെ (എടിഎസ്) പ്രവർത്തനത്തിനെതിരെ കൊല്ലം ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. എടിഎസുകളിലെ പരിശോധന ശാസ്ത്രീയമല്ലെന്നും ഭൂരിഭാഗം ഓട്ടോറിക്ഷകളും പരാജയപ്പെടുന്നുവെന്നുമാണ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രധാന പരാതി.
പുതിയ വാഹനങ്ങൾ പോലും സമാനമായ രീതിയിൽ പരാജയപ്പെടുന്നതായി ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിൽ, സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കുന്നതുവരെ മാന്വൽ പരിശോധന തുടരണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
ഇതിന്റെ ഭാഗമായി എടിഎസ് പരിശോധനയ്ക്കെതിരെ നാളെ കലക്ടറേറ്റ് മാർച്ച് നടത്താൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
പൂയപ്പള്ളിയിലെ ടെസ്റ്റിങ് സെന്ററിലേക്കുള്ള ദൂരക്കൂടുതലും തൊഴിലാളികൾ പ്രധാന പ്രശ്നമായി ഉന്നയിക്കുന്നുണ്ട്. പുനലൂർ, പത്തനാപുരം, തെന്മല, ആര്യങ്കാവ് തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ നിന്ന് ഇവിടെയെത്താൻ മണിക്കൂറുകൾ യാത്ര ചെയ്യേണ്ടിവരുന്നു.
മുൻകാലങ്ങളിൽ തൊട്ടടുത്ത ആർടി ഓഫിസുകളിലായിരുന്നു ഫിറ്റ്നസ് പരിശോധന നടത്തിയിരുന്നത്. ജില്ലയിലെ രണ്ടാമത്തെ കേന്ദ്രം ഭരണിക്കാവ് കഴിഞ്ഞ ദിവസമാണ് പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ കേന്ദ്ര സർക്കാർ തീരുമാനപ്രകാരമുള്ള എടിഎസുകളുടെ പ്രവർത്തനത്തിൽ തങ്ങൾക്ക് നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന് ജില്ലാ മോട്ടർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. പരിശോധനാ സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സൈറ്റിൽ നിന്നാണ് ലഭ്യമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഓട്ടോറിക്ഷകൾ വ്യാപകമായി ഫിറ്റ്നസ് ടെസ്റ്റ് പരാജയപ്പെടുന്നുവെന്ന ആരോപണം ടെസ്റ്റിങ് സെന്റർ അധികൃതർ തള്ളി. പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവാണെന്ന് അവർ വ്യക്തമാക്കുന്നു.
ജില്ലയിൽ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ട് 15 ദിവസമായെന്നും, ഇതുവരെ പരിശോധനയ്ക്ക് ഹാജരാക്കിയ 190 ഗുഡ്സ്, പാസഞ്ചർ ഓട്ടോറിക്ഷകളിൽ 168 എണ്ണവും പാസായതായി അധികൃതർ അറിയിച്ചു. 22 എണ്ണം മാത്രമാണ് പരാജയപ്പെട്ടത്.
പുക, ബ്രേക്ക്, ശബ്ദം എന്നിവയാണ് യന്ത്രസഹായത്തോടെ പ്രധാനമായും പരിശോധിക്കുന്നത്. പ്രധാന പരിശോധനകൾക്ക് മുന്നോടിയായി ലൈറ്റ്, പെയിന്റ്, സീറ്റ് എന്നിവ വിദഗ്ധർ പരിശോധിക്കും.
തുടർന്ന് ടോക്കൺ ജനറേറ്റ് ചെയ്ത് വാഹനത്തിന്റെ അഞ്ച് ഫോട്ടോകൾ എടുത്ത ശേഷമാണ് പരിശോധന. പരിശോധന പൂർത്തിയാക്കിയ വാഹൻ വെബ്സൈറ്റിൽ പരിശോധിക്കുമ്പോൾ മാത്രമാണ് വിജയം നിർണ്ണയിക്കാനാകുക.
എന്നാൽ ഫിറ്റ്നസ് ടെസ്റ്റ് പരാജയപ്പെട്ടാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ആറു മാസത്തിനുള്ളിൽ എതവണ വേണമെങ്കിലും വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാമെന്നും പൂയപ്പള്ളിയിലെ എടിഎസ് അധികൃതർ വ്യക്തമാക്കി.
ആറു മാസത്തിനകം ഫിറ്റ്നസ് പാസായില്ലെങ്കിൽ വിവരങ്ങൾ സൈറ്റിൽ നിന്ന് നീക്കം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

