തിരുവനന്തപുരം: വർക്കല ഇടവ ശ്രീ മംഗലേശ്വരി ക്ഷേത്രത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പ്രതി പൊലീസിന്റെ പിടിയിലായി. അയിരൂർ സ്വദേശിയായ അജിത് (30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ഈ മോഷണ സംഭവം നടന്നിരുന്നത്. രാവിലെ ജീവനക്കാരും ശാന്തിയും എത്തി ക്ഷേത്രനട
തുറന്നപ്പോഴാണ് പ്രധാന ക്ഷേത്രത്തിന്റെയും ഉപദേവത ക്ഷേത്രങ്ങളുടെയും മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ഉടൻ തന്നെ അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തും സമീപ പ്രദേശങ്ങളിലുമുള്ള സിസിടിവി ക്യാമറകളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ പൊലീസിന് വ്യക്തമായി ലഭിച്ചിരുന്നു. ക്ഷേത്രത്തിനകത്തെ സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ പായ കൊണ്ട് ശരീരം മറച്ചായിരുന്നു ഇയാൾ മോഷണം നടത്തിയത്.
എന്നാൽ ഗേറ്റിന് സമീപത്തെ ക്യാമറകളിലടക്കം പ്രതിയുടെ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ വീടിന് പരിസരത്തുനിന്നുമാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

