കേരളത്തിന്റെ യാത്രാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകേണ്ട ആറുവരി ദേശീയപാതയുടെ നിർമാണം കൊല്ലം ജില്ലയിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഓച്ചിറ മുതൽ പാരിപ്പള്ളി വരെ സഞ്ചരിക്കുന്ന ആർക്കും പണികൾ എത്രമാത്രം മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് വ്യക്തമാകും. 2025 ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച പല ഭാഗങ്ങളിലും നിർമാണം ഇനിയും എങ്ങുമെത്തിയിട്ടില്ല.
2026 ജനുവരിൽ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമെങ്കിലും നിലവിലെ സ്ഥിതിവെച്ച് പാത യാഥാർത്ഥ്യമാകാൻ ഇനിയും ഏറെ വൈകുമെന്നാണ് നാട്ടുകാരുടെ പരാതി. ഔദ്യോഗിക കണക്കുകൾ പ്രകാരം ദേശീയപാതയുടെ നിർമാണം 72% പൂർത്തിയായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഓച്ചിറ മുതൽ വവ്വാക്കാവ് വരെയുള്ള ഭാഗത്തെ സ്ഥിതി അതേയല്ല.
ഇവിടെ ഏറ്റവും കുറഞ്ഞ അളവിലുള്ള ജോലികൾ മാത്രമാണ് നടന്നിട്ടുള്ളത്. കൃത്യമായി 100 മീറ്റർ ജോലി പോലും ഇവിടെ പൂർത്തീകരിച്ചിട്ടില്ല.
ജില്ലയിലെ ആദ്യത്തെ ടോൾ പ്ലാസയുടെ പ്രാരംഭ ഘട്ടം മാത്രമാണ് ഇതുവരെ യാഥാർത്ഥ്യമായത്. യാത്രാദുരിതം ലഘുീകരിക്കേണ്ട
സർവീസ് റോഡുകൾ പോലും ഇതുവരെ സഞ്ചാരയോഗ്യമാക്കിയിട്ടില്ല എന്നതാണ് വസ്തുത. ഓച്ചിറയിലെ പ്രിമിയർ അണ്ടർ പാസിൽ ഇരുവശങ്ങളിലേക്കും നാല് സ്പാനുകൾ വീതം 120 മീറ്ററിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും പ്രാഥമിക നടപടികൾ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.
ഈ വിഷയത്തിൽ നിലനിന്ന അനിശ്ചിതത്വം കാരണം കഴിഞ്ഞ ഒരു വർഷമായി സമീപത്തെ മറ്റു നിർമാണപ്രവൃത്തികളും പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. വശങ്ങളിലെ ഓടകളുടെ നിർമാണം പോലും ഇനിയും പൂർത്തിയായിട്ടില്ല.
ഇതിനിടെ, കരാർ കമ്പനി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ ഒരു മാസമായി ഇവിടെ പണികൾ പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. ഓച്ചിറയിലെ പ്രശസ്തമായ 28-ാം ഓണം കാളകെട്ടിനു കെട്ടുകാഴ്ചകൾ കടന്നുവരുന്നതിനു പോലും ഇതുവരെ വഴി ഒരുക്കാനായിട്ടില്ല.
ചങ്ങൻകുളങ്ങര, വവ്വാക്കാവ് അടിപ്പാതകളുടെ കോൺക്രീറ്റ് പണികൾ മാത്രമാണ് പൂർത്തിയായത്. വശങ്ങൾ നികത്താൻ ആവശ്യത്തിന് മണ്ണ് ലഭിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
തുടർച്ചയായി വരുത്തിയ ഡി.പി.ആർ മാറ്റങ്ങളും നിർമാണത്തെ പ്രതികൂലമായി ബാധിച്ചു. ഫണ്ടില്ലായ്മയും നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും നിശ്ചിത സമയത്തിനുള്ളിൽ പണി തീർക്കാൻ കഴിയുമോ എന്ന ആശങ്കയും കൊല്ലം ജില്ലയിലെ ദേശീയപാത വികസനത്തെ പിന്നോട്ടടിക്കുന്നു.
300 കോടി രൂപയുടെ അധിക ഫണ്ട് പ്രതിസന്ധിയിൽ കരുനാഗപ്പള്ളി മേഖലയിൽ വവ്വാക്കാവ് മുതൽ കന്നേറ്റി പാലം വരെയുള്ള ഭാഗത്തെ നിർമാണ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ അകപ്പെട്ട് പൂർണമായി നിലച്ചു. കരാറെടുത്ത കമ്പനിയാണ് പണികൾ താൽക്കാലികമായി നിർത്തിവെച്ചത്.
2022-ൽ 1580 കോടി രൂപ അടങ്കൽ തുകയിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനോടകം മുക്കാൽ ഭാഗത്തോളം പണികൾ പൂർത്തിയായെങ്കിലും ശേഷിക്കുന്ന ഭാഗങ്ങളുടെ കാര്യമാണ് അനിശ്ചിതത്വത്തിലായത്.
പല പ്രദേശങ്ങളിലും പുതുതായി അടിപ്പാതകൾ നിർമിക്കേണ്ടി വന്നതും, അധികമായി 7.5 കിലോമീറ്റർ ദൂരത്തിൽ പുതിയ പാലങ്ങൾ പണിയേണ്ട സാഹചര്യമുണ്ടായതുമാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
ഈ മാറ്റങ്ങൾ വരുത്തുന്നതിനായി ഏകദേശം 300 കോടി രൂപ കൂടി അധികമായി കണ്ടെത്തേണ്ടതുണ്ട്. ആവശ്യത്തിന് ഫണ്ടും അനുമതിയും ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണം പണികൾ നിലച്ചത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
എത്രയും വേഗം തുക അനുവദിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. കോടികളുടെ കുടിശികയും ഉപകരാറുകാരുടെ സമരഭീഷണിയും ചവറ മേഖലയിലും ദേശീയപാത നിർമാണം വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
പുതുതായി പ്രഖ്യാപിച്ച അടിപ്പാതകളുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. വർഷങ്ങൾക്ക് മുൻപ് അടിപ്പാതകളുടെ പണി തുടങ്ങിയെങ്കിലും ഉയരപ്പാതകളുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.
വെറ്റമുക്ക്, കുറ്റിവട്ടം, ടൈറ്റാനിയം, കൊറ്റൻകുളങ്ങര, നീണ്ടകര തുടങ്ങിയ പ്രധാന ജംക്ഷനുകളിലെ ഉയരപ്പാത നിർമാണം എങ്ങുമെത്തിയിട്ടില്ല. ചവറ പാലത്തിന്റെ നിർമാണവും അപൂർണ്ണമാണ്.
ചിലയിടങ്ങളിൽ മണ്ണ് നിറച്ചെങ്കിലും നാളുകളായി അവിടെ യാതൊരുവിധ പണികളും നടക്കുന്നില്ല. വേട്ടുതറ ജോയിന്റ് ജംക്ഷനിലും ഇടപ്പള്ളിക്കോട്ട
ജംക്ഷനിലും കന്നേറ്റിപ്പാലത്തിന് സമീപവുമെല്ലാം നിർമാണം ഇനിയും തുടങ്ങാനുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും ഒരൊറ്റ ഉയരപ്പാത പോലും പൂർണമായി നിർമിച്ചു തീർക്കാൻ അധികൃതർക്കായിട്ടില്ല.
ഇതിനിടയിലാണ് കോടികളുടെ കുടിശിക കാരണം ഉപകരാറുകാർ പ്രതിസന്ധിയിലായത്. കാവനാട് മുതൽ കൊറ്റുകുളങ്ങര വരെയുള്ള നിർമാണം ഇതിന്റെ പേരിൽ പൂർണമായി നിലച്ചിരിക്കുകയാണ്.
വാഹനം നൽകിയവർ, നിർമാണ സാമഗ്രികൾ എത്തിച്ചവർ, പാലം നിർമാണ കരാറുകാർ എന്നിവർക്കെല്ലാം മാർച്ച് മാസം മുതലുള്ള തുക നൽകാനുണ്ട്. രണ്ട് ലക്ഷം രൂപ മുതൽ കോടികൾ വരെ പലർക്കും ലഭിക്കാനുണ്ടെന്ന് സബ് കരാറുകാർ വ്യക്തമാക്കുന്നു.
കുടിശിക ഉടൻ നൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. എന്നാൽ നിർമാണത്തിലെ ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്ന വാദമാണ് ദേശീയപാത കരാർ കമ്പനി അധികൃതർ മുന്നോട്ടുവെക്കുന്നത്.
മേവറത്തും കല്ലുംതാഴത്തും മന്ദഗതിയിലുള്ള പണികൾ കൊട്ടിയം മേഖലയിൽ മേവറം ഭാഗത്തെ ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ വേഗത തീരെപ്പോരെന്നാണ് ആക്ഷേപം. ചതുപ്പുപ്രദേശമായ ഇവിടെ നേരത്തെ മണ്ണിട്ട് ഉയർത്തിയാണ് പാത നിർമിച്ചിരുന്നത്.
എന്നാൽ മൈലക്കാട് ചതുപ്പുപ്രദേശത്ത് ഇത്തരത്തിൽ മണ്ണിട്ട് ഉയർത്തിയ പാതയുടെ ഒരു ഭാഗം 2025 ഡിസംബറിൽ തകർന്നു വീണിരുന്നു. തുടർന്ന് വിദഗ്ധ സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മേവറത്തെ മണ്ണിട്ട് ഉയർത്തിയ ഉയരപ്പാത പൊളിച്ച് മാറ്റി തൂണുകളിൽ പാത നിർമിക്കാൻ തീരുമാനിച്ചത്.
എന്നാൽ 8 മാസങ്ങൾ കഴിഞ്ഞിട്ടും തൂണുകൾ നിർമിക്കേണ്ട സ്ഥലത്തെ മണ്ണ് പോലും പൂർണമായി നീക്കം ചെയ്തിട്ടില്ല.
ഈ രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ഈ വർഷമെങ്കിലും റോഡുകൾ ബന്ധിപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കല്ലുംതാഴത്ത് റെയിൽവേ പാളത്തിനു കുറുകെ ആർച്ച് പാലം സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും, പാൽക്കുളങ്ങര ഭാഗത്തുനിന്ന് ആർച്ച് പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ നിർമാണം വൈകുകയാണ്.
ഇവിടെ കരമണ്ണിട്ടതല്ലാതെ മറ്റു ജോലികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. നിർമാണത്തിന്റെ പേരിൽ മാസങ്ങളോളം ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കഴിഞ്ഞ മാസമാണ് ഉയരപ്പാതയുടെ ഒരു വശത്തുകൂടി ഗതാഗതം ഭാഗികമായി തുറന്നുകൊടുത്തത്. മേവറത്തെയും കല്ലുംതാഴത്തെയും റോഡ് നിർമാണം കൂടി പൂർത്തിയായാൽ മാത്രമേ കാവനാട് മുതൽ ഇത്തിക്കര വരെ ഉയരപ്പാതയിലൂടെ സുഗമമായി വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

