പ്രതിമാസ കണ്ടെയ്നർ കൈകാര്യത്തിൽ സർവകാല റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ. ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം 97,952 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകളാണ് ഇവിടെ കൈകാര്യം ചെയ്തത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 51% വർധനവാണ് കണ്ടെയ്നർ നീക്കത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ടെർമിനലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം കണ്ടെയ്നറുകൾ ഒരു മാസത്തിൽ കൈകാര്യം ചെയ്യുന്നത്.
ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജൂൺ മാസത്തിൽ 74,644 ടിഇയുവഉം, ജൂലൈ മാസത്തിൽ 74,585 ടിഇയുവുമായായിരുന്നു കണ്ടെയ്നർ നീക്കം നടന്നിരുന്നത്. കയറ്റുമതി – ഇറക്കുമതി ചരക്കുനീക്ക മേഖലയിൽ കേരളത്തിന്റെ പ്രാദേശിക ആഗോള സമുദ്ര കവാടമെന്ന (ഗേറ്റ്വേ) പദവി കൂടുതൽ ദൃഢമാക്കാൻ ഈ ചരിത്രനേട്ടം ടെർമിനലിന് സഹായകരമാകും.
ഗേറ്റ്വേ തുറമുഖമെന്ന നിലയിൽ വല്ലാർപാടം കൈവരിക്കുന്ന പ്രാധാന്യമാണ് ഈ വളർച്ച വ്യക്തമാക്കുന്നത്. കൂടാതെ, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കൂടുതലായി എത്തിയ 51 കപ്പലുകളും അവയിലെ ചരക്കുകളും യാതൊരു തടസ്സവുമില്ലാതെ കൈകാര്യം ചെയ്യാൻ ടെർമിനലിന് സാധിച്ചു.
നിലവിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളും വിവിധ ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ആഗോള സമുദ്ര വാണിജ്യ മേഖലയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വല്ലാർപാടം ടെർമിനലിന് ഈ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

