സംസ്ഥാനത്തിന്റെ സമുദ്രമേഖലയിൽ ശക്തി പ്രാപിക്കുന്ന എൽനിനോ പ്രതിഭാസം മത്സ്യബന്ധന മേഖലയ്ക്ക് കനത്ത വെല്ലുവിളിയാകുന്നുവെന്ന് റിപ്പോർട്ട്. വരുംമാസങ്ങളിൽ അറബിക്കടലിലെ താപനില ഉയരാനും, ഇത് മത്തി, അയല തുടങ്ങിയ ജനപ്രിയ മത്സ്യങ്ങളുടെ ലഭ്യതയിലും വലുപ്പത്തിലും ഗണ്യമായ കുറവുണ്ടാക്കുമെന്നുമാണ് വിലയിരുത്തൽ.
കഴിഞ്ഞമാസം 12ന് സമുദ്ര സ്ഥിതിവിവര നിരീക്ഷണ കേന്ദ്രം നടത്തിയ പഠനപ്രകാരം, കേരള തീരത്തിന്റെ 70.81 ശതമാനം പ്രദേശത്തും മിതമായ തോതിലുള്ള കടൽച്ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ലക്ഷദ്വീപ് തീരത്തിന്റെ സ്ഥിതി ഇതിലും ഗുരുതരമാണ്; മിതമായതു മുതൽ അതിതീവ്രമായതുവരെയുള്ള കടൽച്ചൂടിന്റെ പിടിയിലാണ് ഈ പ്രദേശം.
എൽനിനോയുടെ തുടർച്ചയായ സ്വാധീനം മൂലം ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനില സാധാരണയെക്കാൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കേരള തീരത്തും സമുദ്ര താപനില വർധിപ്പിക്കും.
കടലിലെ ചൂട് കൂടുന്നത് മത്സ്യങ്ങളുടെ സ്വാഭാവിക ആവാസമേഖല, സഞ്ചാരപാത, ഭക്ഷ്യലഭ്യത എന്നിവയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. സമുദ്രത്തിലെ താപനില വർധിക്കുമ്പോൾ ആഴക്കടലിൽനിന്നു പോഷകസമൃദ്ധമായ ജലം ഉപരിതലത്തിലേക്ക് ഉയരുന്ന സ്വാഭാവിക പ്രക്രിയ ദുർബലമാകുന്നു.
ഇതോടെ സൂക്ഷ്മ സസ്യങ്ങളുടെ വളർച്ച കുറയുകയും സമുദ്രത്തിലെ ഭക്ഷ്യശൃംഖല തകിടംമറിയുകയും ചെയ്യും. ആഴക്കടൽ ജലം ഉപരിതലത്തിലേക്ക് ഉയരുന്ന പ്രക്രിയ ദുർബലമായതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിലെ തീരങ്ങളിൽ ഇപ്പോൾത്തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്.
വരുന്ന വർഷം ഫെബ്രുവരി വരെ എൽനിനോ പ്രതിഭാസം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

