അന്താരാഷ്ട്ര അൾട്രാ ട്രെയിൽ റണ്ണിങ് വേദികളിൽ കേരളത്തിന് അഭിമാനകരമായ നേട്ടം. തുർക്കിയിലെ കാച്ച്കർ മലനിരകളിൽ സംഘടിപ്പിച്ച കാച്ച്കർ ബൈ യുടിഎംബി 2026 മത്സരത്തിന്റെ 100K വിഭാഗം വിജയകരമായി പൂർത്തിയാക്കുന്ന ഏക ഇന്ത്യൻ താരമായി സുബാഷ് അഞ്ചലോസ് മാറിയിരിക്കുന്നു.
കൊല്ലം സ്വദേശിയാണ് ഈ താരം. പ്രശസ്തമായ യുടിഎംബി വേൾഡ് സീരീസിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്.
പേരിൽ 100K എന്ന് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഏകദേശം 82 കിലോമീറ്റർ ദൂരവും 5,600 മീറ്ററിലധികം കയറ്റവുമുള്ള അതീവ ദുഷ്കരമായ മലനിര കോഴ്സിലൂടെയാണ് ഈ റൺ കടന്നുപോയത്. കുത്തനെയുള്ള കയറ്റിറക്കങ്ങളും, ദുർഘടമായ ട്രെയിലുകളും, വിദൂര താഴ്വരകളും നിറഞ്ഞ ഈ ട്രാക്കിന്റെ കാഠിന്യം കണക്കിലെടുത്ത് “100K that feels like a 100M” എന്നാണ് സംഘാടകർ ഇതിനെ വിശേഷിപ്പിച്ചത്.
ആഗോളതലത്തിൽ ട്രെയിൽ റണ്ണിങ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്യൂട്ടുകളിലൊന്നാണ് യുടിഎംബി വേൾഡ് സീരീസ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഈ മത്സരങ്ങളിലൂടെ റണ്ണർമാർക്ക് റണ്ണിങ് സ്റ്റോൺസ് കരസ്ഥമാക്കാനും സ്വന്തം യുടിഎംബി ഇൻഡക്സ് ഉയർത്താനും സാധിക്കും. ഫ്രാൻസിലെ മോണ്ട് ബ്ലാങ്കിൽ വെച്ച് നടക്കുന്ന ലോകപ്രശസ്തമായ യുടിഎംബി വേൾഡ് സീരീസ് ഫൈനലിലേക്കുള്ള യോഗ്യത നേടുന്നതിന് ഈ ഘട്ടങ്ങൾ അത്യന്താപേക്ഷിതമാണ്.
ദീർഘകാലമായി റോഡ് റണ്ണിങ്ങിലും ലോങ് ഡിസ്റ്റൻസ് ട്രെയിൽ റണ്ണിങ്ങിലും സജീവ സാന്നിധ്യമാണ് സുബാഷ് അഞ്ചലോസ്. ഒമാനിലെ റണ്ണിങ് കമ്മ്യൂണിറ്റിയിലും കേരളത്തിലെ പ്രമുഖ റണ്ണിങ് കൂട്ടായ്മയായ സോൾസ് ഒാഫ് കൊല്ലം ഉൾപ്പെടെയുള്ളവയിലും സജീവമായ അദ്ദേഹത്തിന്റെ കായികജീവിതത്തിലെ തിളക്കമാർന്ന ഏടായി കാച്ച്കറിലെ ഈ ഫിനിഷ് മാറി.
വളരെ കഠിനമായ ഈ അനുഭവത്തെക്കുറിച്ച് താരം വ്യക്തമാക്കിയത് ഇങ്ങനെയാണ്: “കാച്ച്കർ ഞാൻ പങ്കെടുത്തതിൽ ഏറ്റവും കഠിനമായ മലനിര മത്സരങ്ങളിലൊന്നായിരുന്നു. ഫിനിഷ് ചെയ്യുക എന്നതുതന്നെ വലിയ വെല്ലുവിളിയായിരുന്നു.
നാട്ടിലെയും ഒമാനിലെയും സുഹൃത്തുക്കളുടെയും റണ്ണിങ് കൂട്ടായ്മകളുടെയും പിന്തുണ വലിയ കരുത്തായി. ഇനി ശ്രദ്ധ ഒമാൻ ബൈ യുടിഎംബിയിലെ 100-മൈൽ ലക്ഷ്യത്തിലേക്കാണ്.” വരുന്ന ഡിസംബറിൽ നടക്കാനിരിക്കുന്ന ഒമാൻ ബൈ യുടിഎംബിയിലെ 100-mile (ഏകദേശം 160 km) വിഭാഗമാണ് അദ്ദേഹത്തിന്റെ അടുത്ത വലിയ ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

