തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിടേണ്ടി വന്ന കനത്ത തിരിച്ചടികളും പരാജയവും തുറന്നുസമ്മതിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി.
കോഴിക്കോട് സംഘടിപ്പിച്ച സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം നടന്നിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് തോൽവിക്ക് അതൊരു നിർണായക കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനൊപ്പം പാർട്ടിയുടെ ഭാഗത്തുനിന്നും ചെറുതും വലുതുമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും, ആ പോരായ്മകൾ മുഴുവൻ തുറന്നുസമ്മതിച്ച് തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ അതിദാരിദ്ര്യം നിർമാർജനം ചെയ്തത് ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, അതെല്ലാം ജനങ്ങളുടെ മുന്നിൽ നിന്നും മറച്ചുവെക്കാനാണ് എതിരാളികൾ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ഇടത് മുന്നണിക്കെതിരെ നഗ്നമായ കള്ളപ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന രീതിയിൽ വ്യാജപ്രതീതി ജനങ്ങളിൽ സൃഷ്ടിച്ചതും തിരഞ്ഞെടുപ്പിലെ തോൽവിക്ക് ആക്കംകൂട്ടി.
ആർ.എസ്.എസുമായി സി.പി.എം ധാരണയുണ്ടാക്കിയെന്ന ആരോപണത്തിന് വേദിയിലുണ്ടായിരുന്ന പി. ജയരാജനെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം മറുപടി നൽകിയത്.
ആർ.എസ്.എസുകാരുടെ കൊലക്കത്തിക്ക് എത്രയോ സഖാക്കൾ ഇരകളായിട്ടുണ്ടെന്നും, അവരുടെ ക്രൂരമായ ആക്രമണങ്ങളെ അതിജീവിച്ച പി. ജയരാജൻ നമ്മോടൊപ്പം ഇവിടെയുണ്ടല്ലോ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള കെ.കെ. രമയുടെ വിമർശനങ്ങൾക്ക് മറുപടിയായി, ചരിത്രത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും, മൊയാരത്ത് ശങ്കരനെ വധിച്ചത് കോൺഗ്രസുകാരാണെന്ന കാര്യം ആരും മറക്കരുതെന്നും അദ്ദേഹം തിരിച്ചടിച്ചു.
കേരളത്തിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വാർത്തകളും കെട്ടുകഥകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി.
ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പുതിയ രൂപത്തിൽ രംഗത്തിറങ്ങി കള്ളക്കഥകൾ മെനയുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയെല്ലാം ഇ.ഡിയെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സി.പി.എം വിജയപാതയിലേക്ക് ശക്തമായി തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിക്കൊണ്ട് പ്രസംഗം ഉപസംഹരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

