മുംബൈ: പാകിസ്ഥാനിൽ നിന്നും അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള ഈന്തപ്പഴ ശേഖരം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) നടത്തിയ കർശന പരിശോധനയിലാണ് 362 മെട്രിക് ടണ് ഈന്തപ്പഴം പിടിച്ചെടുത്തത്.
യുഎഇയിൽ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ ചരക്ക് മുംബൈയിൽ എത്തിച്ചിരുന്നത്. ‘ഓപ്പറേഷൻ ഡീപ്പ് മാനിഫെസ്റ്റ്’ (Operation Deep Manifest) എന്ന പ്രത്യേക അന്വേഷണ നടപടിയുടെ ഭാഗമായി നാസിക്കിലെ അംബാദിലുള്ള കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിൽ വെച്ചാണ് നടപടി ഉണ്ടായത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി ഇറക്കുമതി ചെയ്ത 13 കണ്ടെയ്നറുകളാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ കറാച്ചി തുറമുഖത്ത് നിന്നാണ് ഈ ഈന്തപ്പഴങ്ങൾ കയറ്റി അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
പാകിസ്ഥാനിൽ ഉത്പാദിപ്പിച്ചവയാണെങ്കിലും, ഇവ യുഎഇയിലെ ജെബൽ അലി വഴി ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ജെബൽ അലിയിലെത്തിയ ശേഷം കണ്ടെയ്നറുകൾ മാറ്റുകയും മറ്റൊരു കപ്പൽ മാർഗം ഇന്ത്യയിലേക്ക് അയക്കുകയുമായിരുന്നുവെന്ന് ഡിആർഐ കണ്ടെത്തി.
പാകിസ്ഥാൻ പൗരന്മാരുമായി ബന്ധമുള്ള ചില സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഈ വഴിതിരിച്ചുവിടൽ നടത്തിയതെന്നാണ് ഏജൻസിയുടെ സംശയം. ഭീകരാക്രമണ പശ്ചാത്തലത്തിൽ, 2025 മെയ് 2 മുതൽ പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ എല്ലാത്തരം ഇറക്കുമതിക്കും കേന്ദ്ര സർക്കാർ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
ഇറക്കുമതി ചരക്കുകളുടെ വിവരങ്ങളിൽ കൃത്രിമം കാണിക്കുന്നതും വ്യാജരേഖകൾ ചമച്ച് ചരക്കുകൾ എത്തിക്കുന്നതുമായ റാക്കറ്റുകൾക്കെതിരെ ശക്തമായ നിരീക്ഷണം തുടരുകയാണെന്ന് ഡിആർഐ ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

