സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ജില്ലാ പ്രതിനിധികൾ രംഗത്തെത്തി. കോഴിക്കോട് നടന്ന യോഗത്തിലെ പൊതുചർച്ചയിലാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശന ശരങ്ങൾ ഉയർന്നത്.
സംസ്ഥാന കമ്മറ്റിയുടെ അംഗീകാരത്തോടെ ഞായറാഴ്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച കരട് റിപ്പോർട്ടിന്റെ ചുവടുപിടിച്ച് ജില്ലാ കമ്മിറ്റികൾക്ക് ലഭിച്ച അവസരം നേതൃത്വത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ പ്രതിനിധികൾ ഉപയോഗപ്പെടുത്തുകയായിരുന്നു. ജനങ്ങളുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന പൊതുവികാരമാണ് ചർച്ചയിൽ പ്രകടമായത്.
അണികളുടെയും ജനങ്ങളുടെയും പ്രതീക്ഷകൾ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുള്ള തിരുത്തലുകൾ പാർട്ടിയിൽ ഉണ്ടാകണമെന്ന് പ്രതിനിധികൾ ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ ചർച്ചകളിൽ തിരുത്തൽ വേണമെന്ന ആവശ്യം ശക്തമായി ഉയർന്നെങ്കിലും നേതൃമാറ്റം സംബന്ധിച്ച ആവശ്യങ്ങളൊന്നും പ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ആദ്യ ദിനങ്ങളിലെ വിലയിരുത്തലുകൾക്ക് വിരുദ്ധമായി ജില്ലാതല നേതാക്കൾ കൂടുതൽ തുറന്നുപറച്ചിലുകൾക്ക് മുതിരുന്ന കാഴ്ചയാണ് രണ്ടാം ദിനത്തിലെ പൊതുചർച്ചയിൽ കണ്ടത്. പാർട്ടിയെ വീണ്ടെടുക്കുന്നതിന് ഉപരിപ്ലവമായ പോംവഴികൾ പോരെന്നും, നേതൃത്വം മുതൽ താഴെത്തട്ടിലുള്ള പ്രവർത്തകർ വരെ നീളുന്ന സമഗ്രമായ തിരുത്തൽ പ്രക്രിയ വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
വിമർശനങ്ങൾ വ്യക്തികേന്ദ്രീകൃതമാകരുതെന്ന കർശന നിർദേശം പാലിച്ചുകൊണ്ടായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. തുടക്കത്തിൽ തന്നെ വിമർശനവുമായി രംഗത്തുവന്ന കണ്ണൂർ ജില്ലാ ഘടകത്തിന് പുറമെ കാസർകോട്, ആലപ്പുഴ കമ്മിറ്റികളും പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തണമെന്ന ശക്തമായ നിലപാടുമായി മുന്നോട്ടുവന്നു.
2021-ൽ തുടർഭരണം ലഭിച്ചപ്പോൾ നേട്ടങ്ങളുടെ അവകാശവാദങ്ങളുമായി മുന്നോട്ടുവന്നവർ, പിന്നീട് തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടപ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് കാസർകോട് ജില്ലാ കമ്മിറ്റിക്കുവേണ്ടി സംസാരിച്ച, ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി കൂടിയായ വി.പി.പി. മുസ്തഫ ചോദിച്ചു.
2021-ൽ അധികാരത്തിൽ വന്നതിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം തുടർച്ചയായ തോൽവികൾ നേരിട്ടിട്ടും ആവശ്യമായ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ ‘കാരണഭൂതർക്ക്’ സാധിച്ചില്ലെന്ന വിമർശനവും കാസർകോട് ജില്ലയിൽ നിന്നുണ്ടായി. പാർട്ടിക്ക് പുതിയ ദിശാബോധം നൽകാൻ പര്യാപ്തമായ രേഖയല്ല വിശാല കമ്മിറ്റിയിൽ അവതരിപ്പിച്ച കരട് റിപ്പോർട്ട് എന്നും കാസർകോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
അമ്പലപ്പുഴയിലെ പരാജയം ഒഴിവാക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എന്ത് ഇടപെടലാണ് ഉണ്ടായതെന്ന ചോദ്യവും ആലപ്പുഴ ജില്ലാ കമ്മിറ്റി ഉന്നയിച്ചു. അവതരിപ്പിച്ച കരട് റിപ്പോർട്ടിലെ നിർദേശങ്ങൾ ദുർബലമാണെന്ന അഭിപ്രായം പത്തോളം ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കുവെച്ചു.
പാർലമെന്ററി വ്യാമോഹങ്ങൾ യുവാക്കൾക്കല്ല, മറിച്ച് മുതിർന്ന നേതാക്കൾക്കാണ് ഉള്ളതെന്ന വിമർശനവും ചില കോണുകളിൽ നിന്ന് ഉയർന്നു വന്നു. പാർട്ടി അകത്തുനിന്നും ഉയരുന്ന വിമർശനങ്ങളെയും സ്വയംവിമർശനങ്ങളെയും ഗൗരവമായി കാണണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ആമുഖ പ്രഭാഷണത്തിൽ നടത്തിയ പരാമർശത്തെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുള്ള ചർച്ചകളാണ് യോഗത്തിൽ നടന്നത്.
കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്ന നിലപാട് പങ്കുവെച്ചത് പി.എ.മുഹമ്മദ് റിയാസ് കൂടി ഉൾപ്പെട്ട കോഴിക്കോട് ജില്ലാ പ്രതിനിധികളാണ്.
എന്നാൽ മറ്റ് ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഈ വിഷയത്തിൽ വലിയ ചർച്ചകൾക്ക് മുതിർന്നില്ല. രാത്രി എട്ടുമണിയോടെ പൊതുചർച്ചകൾ സമാപിച്ചു.
തുടർന്ന് ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രതിനിധികൾ ഉന്നയിച്ച വിമർശനങ്ങളും മറ്റ് വിശദാംശങ്ങളും വിലയിരുത്തി. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് സംസ്ഥാന സമിതിയും പത്തരയോടെ വിശാല സംസ്ഥാന സമിതിയും ചേർന്ന് തുടർനടപടികൾക്ക് രൂപം നൽകും.
ചൊവ്വാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന മഹാറാലിയിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, പിബി അംഗങ്ങളായ പിണറായി വിജയൻ, എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ സംസാരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

