ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കായികരംഗത്തിന്റെ ഭാവി വികസനത്തിനുമായി ഇതിഹാസ താരങ്ങളുടെ സേവനം ബിസിസിഐ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ ആവശ്യപ്പെട്ടു. സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, രവി ശാസ്ത്രി തുടങ്ങിയ പ്രമുഖരുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താൻ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ ഘടനയും അധികാരവും ബിസിസിഐ വിപുലീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അടുത്തിടെ സമാപിച്ച ദുലീപ് ട്രോഫി ഫൈനലിൽ ഇഷാൻ കിഷൻ നയിച്ച ഈസ്റ്റ് സോൺ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ മാത്രം ബലത്തിൽ കിരീടം ഉറപ്പിക്കാൻ ശ്രമിച്ചതിനെ ഗവാസ്കർ രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ കുറച്ച് സീസണുകളായി ആഭ്യന്തര ക്രിക്കറ്റിൽ തുടരുന്ന ഇത്തരം നിയമങ്ങളിൽ മാറ്റം വരുത്താൻ സിഎസി ഇടപെടണമെന്നാണ് ഗവാസ്കറുടെ വാദം.
സച്ചിൻ, ദ്രാവിഡ്, ഗാംഗുലി തുടങ്ങിയ പ്രമുഖർ ഇന്ത്യൻ ടീം ഹെഡ് കോച്ചുമായും എൻസിഎ തലവനുമായും സംസാരിക്കുമ്പോൾ അതിന് വലിയൊരു സ്വാധീനം ഉണ്ടാക്കാൻ സാധിക്കും. വനിതാ ക്രിക്കറ്റിനായും ഇത്തരത്തിലൊരു വിദഗ്ദ്ധ സമിതി രൂപീകരിക്കേണ്ടതുണ്ട്.
ഇതിഹാസങ്ങളുടെ പരിചയസമ്പത്തും വൈദഗ്ധ്യവും ഒത്തുചേർന്ന് തീരുമാനങ്ങൾ എടുക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ രോമാഞ്ചമുണ്ടാകുന്നു.
എന്നാൽ ഇത് എപ്പോഴെങ്കിലും യാഥാർത്ഥ്യമാകുമോ, അതോ വെറുമൊരു സ്വപ്നമായി അവസാനിക്കുമോയെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. നിലവിൽ ദേശീയ പരിശീലകരെയും സെലക്ടർമാരെയും തിരഞ്ഞെടുക്കുക എന്നതിൽ മാത്രമായി സിഎസിയുടെ പ്രവർത്തനം പരിമിതപ്പെട്ടിരിക്കുകയാണ്.
ഈ സമിതിക്ക് കൂടുതൽ ചുമതലകൾ നൽകി ആഭ്യന്തര ക്രിക്കറ്റിലെ പോരായ്മകൾ നികത്താൻ ബിസിസിഐ മുന്നോട്ട് വരണമെന്നാണ് ഗവാസ്കറുടെ നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

