പൗരാണികതയും പ്രകൃതിഭംഗിയും ഇഴചേരുന്ന കോട്ടയത്തിന്റെ ചരിത്രപ്രസിദ്ധമായ താഴത്തങ്ങാടിയിൽ വിനോദസഞ്ചാരികൾക്കായി പുതിയ പദ്ധതിക്ക് തുടക്കമായി. മീനച്ചിലാറിന്റെ ശാന്തമായ ഓളപ്പരപ്പിലൂടെ ശിക്കാരവള്ളത്തിൽ യാത്ര ചെയ്ത് ഇനി പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാനാകും.
പൈതൃക ടൂറിസത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കുളപ്പുരക്കടവിൽ ആരംഭിച്ച ശിക്കാര – സ്പീഡ് ബോട്ട് സർവീസുകളുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ചടങ്ങിൽ നഗരസഭാംഗം ഉനൈസ് പാലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ്, എന്റെ താഴത്തങ്ങാടി കൂട്ടായ്മ അഡ്മിൻ ദിലീപ് ടി.കൊച്ചുണ്ണി, ടി.ആർ.സതീശൻ, മുഹമ്മദ് സാലി കൊച്ചുവീട്, ഷൈജു മാത്യു, പി.കെ.മാത്യു കൊല്ലപ്പറമ്പിൽ, പി.പി.ഷരീഫ്, ജയൻ കെ.ജോൺ, നവാസ് മുഹമ്മദ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ചരിത്രസ്മാരകങ്ങളും പൈതൃക ശേഷിപ്പുകളും നിറഞ്ഞ താഴത്തങ്ങാടിയുടെ ടൂറിസം സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിൽ, പ്രദേശത്ത് എത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾക്ക് കുടുംബസമേതം ഉൾനാടൻ ജലഗതാഗതം ആസ്വദിക്കുന്നതിനായി സുരക്ഷിതമായ ശിക്കാര വള്ളങ്ങളും സ്പീഡ് ബോട്ടുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. വിനോദസഞ്ചാര മേഖലയെ പോഷിപ്പിക്കുന്നതിനൊപ്പം പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
വരുംകാലങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന താഴത്തങ്ങാടി പൈതൃക ടൂറിസം പദ്ധതിയുടെ നിർണായകമായ ഒരു ചുവടുവയ്പ്പാണ് ഈ ബോട്ട് സർവീസുകൾ എന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

