ഓഗസ്റ്റ് മാസത്തിൽ റഷ്യ നടത്തിയ ഇന്ധന ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും ഇന്ത്യയിൽ നിന്നായിരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ഇന്ത്യയിലേക്ക് വൻതോതിൽ ക്രൂഡോയിൽ കയറ്റുമതി ചെയ്തിരുന്ന രാജ്യമാണ് റഷ്യ.
എന്നാൽ യുക്രെയ്ൻ സംഘർഷത്തെ തുടർന്നുണ്ടായ ആഘാതത്തിൽ റഷ്യൻ എണ്ണശുദ്ധീകരണശാലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് പെട്രോളിനും ഡീസലിനുമായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട
സ്ഥിതിയിലേക്ക് റഷ്യ എത്തിച്ചേരുകയായിരുന്നു. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സെറ) പുറത്തുവിട്ട
വിവരങ്ങൾ പ്രകാരം, ഓഗസ്റ്റിൽ ആകെ 1.72 ലക്ഷം ടൺ എണ്ണയാണ് റഷ്യ വിവിധ രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്തത്. ഇതിൽ 1.2 ലക്ഷം ടൺ ഉൽപന്നങ്ങളും ഇന്ത്യയിൽ നിന്നാണ് എത്തിച്ചത്.
റഷ്യൻ പങ്കാളിത്തമുള്ള നയാര എനർജി ഗുജറാത്തിലെ വാഡിനാർ തുറമുഖം വഴിയാണ് ഇത്രയും വലിയ അളവിലുള്ള പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തത്. ഏകദേശം 7.8 കോടി യൂറോ (ഏകദേശം 862 കോടി രൂപ) മൂല്യം വരുന്നതാണ് ഈ കയറ്റുമതി.
യൂറോപ്യൻ യൂണിയന്റെ ഉപരോധ നടപടികൾ നേരിടുന്ന സ്ഥാപനമാണ് നയാര. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് ഈ സ്ഥാപനത്തിൽ 49.13 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ബാക്കി ഓഹരികൾ കേസാനി എന്റർപ്രൈസസ് കൺസോർഷ്യത്തിന്റെ കൈവശമാണ്. മുമ്പ് റഷ്യയുടെ ആകെ ഇറക്കുമതിയിൽ 6% മാത്രമായിരുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ തോത്, ഓഗസ്റ്റിൽ 74 ശതമാനമായി ഉയർന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡോയിൽ ഇറക്കുമതിയിൽ 24 ശതമാനത്തിന്റെ കുറവാണ് ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 474 കോടി ഡോളറിന്റെ ക്രൂഡോയിലാണ് ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തത്.
ഇതിനു മുൻപത്തെ മാസം ഇത് 550 കോടി ഡോളർ ആയിരുന്നു. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% തീരുവ ഏർപ്പെടുത്താനുള്ള ബില്ലിന് യുഎസ് കോൺഗ്രസ് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഇറക്കുമതി കുറഞ്ഞതെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ബിൽ ഉടൻ തന്നെ യുഎസ് ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് എത്തും. എന്നിരുന്നാലും, യുഎസിന്റെ തീരുവ ഭീഷണികൾ നിലനിൽക്കെത്തുമെന്നും ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ തുടരുന്നുണ്ട്.
നയാരയുടെ വാഡിനാർ റിഫൈനറിയിലും ഇന്ത്യൻ ഓയിലിന്റെ പാരദ്വീപ് റിഫൈനറിയുമാണ് ഈ ക്രൂഡോയിൽ പ്രധാനമായും എത്തിച്ചേർന്നത്. ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യം റഷ്യയെ സംബന്ധിച്ച് സാമ്പത്തിക നേട്ടമായി മാറിയെന്നാണ് സെറയുടെ റിപ്പോർട്ടിൽ വിലയിരുത്തുന്നത്.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ ഉണ്ടായതിനു ശേഷമുള്ള ആദ്യ ആറുമാസ കാലയളവിൽ സമുദ്രമാർഗമുള്ള ക്രൂഡോയിൽ വ്യാപാരത്തിലൂടെ റഷ്യയ്ക്ക് 3590 കോടി ഡോളർ അധിക വരുമാനമാണ് ലഭിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്ന നിലയിൽ തുടരുന്നതിനാൽ വരുന്ന മാസങ്ങളിലും റഷ്യൻ എണ്ണ വ്യാപാരം കൂടുതൽ സജീവമാകാനാണ് സാധ്യത.
നിലവിലും ബ്രെന്റ് ക്രൂഡോയിലിനെ അപേക്ഷിച്ച് 24 ശതമാനം വിലക്കിഴിവിലാണ് റഷ്യൻ ഉറാൽ ക്രൂഡ് ഇന്ത്യയ്ക്ക് ലഭ്യമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

