ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിക്ക് നേരെ ആക്രമണം. കണ്ടന്റ് ക്രിയേറ്ററായ സിയ എന്ന യുവതിയാണ് അതിക്രമത്തിനിരയായത്.
ബൈക്കിൽനിന്ന് റോഡിൽ വീണിട്ടും കാർ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ആക്ഷൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്ഷൻ ക്യാമറയിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ടാണ് സിയ തനിക്കുണ്ടായ ദുരനുഭവം പുറംലോകത്തെ അറിയിച്ചത്.
റൈഡർ സംഘത്തോടൊപ്പം ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് കാറിലെത്തിയ സംഘം തന്നെ പിന്തുടർന്ന് ശല്യം ചെയ്തതെന്ന് യുവതി വ്യക്തമാക്കുന്നു. കാറിലുണ്ടായിരുന്നവർ പിന്നാലെ വന്ന് അലറിക്കൂവിയതോടെ വാഹനത്തിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ താൻ ആവശ്യപ്പെടുകയായിരുന്നു.
കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്നാണ് താൻ കരുതുന്നതെന്ന് സിയ പറയുന്നു. വാഹനം മാറ്റിപ്പിടിച്ചിട്ടും ബൈക്ക് നിർത്താൻ ആവശ്യപ്പെട്ട് കാർ യാത്രക്കാർ അസഭ്യവർഷവുമായി വീണ്ടും പിന്നാലെയെത്തി.
തുടർന്ന് അതിവേഗതയിൽ കാറോടിച്ചെത്തിയ സംഘം ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിച്ചുവീഴ്ത്തിയ ശേഷം കാർ നിർത്താതെ പോകുകയും ബൈക്ക് അൽപദൂരം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു.
‘ഇന്ന് ഗുരുഗ്രാമിലെ റോഡുകളിൽ എനിക്ക് സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നു. ഇത്തരം ആളുകൾക്ക് മറ്റുള്ളവരെ ഇടിച്ചിട്ടശേഷം ഓടിപ്പോകുന്നതിൽ ഒരു ഭയവുമില്ല.’–സിയ പ്രതികരിച്ചു.
അപകടത്തിന് പിന്നാലെ തൊട്ടടുത്ത ജംക്ഷനിൽ വച്ച് യുവതിയുടെ സുഹൃത്ത് കാർ തടയാൻ ശ്രമിച്ചെങ്കിലും, തന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് വാദിച്ച് കാറിലുണ്ടായിരുന്നയാൾ വണ്ടി ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് കാറിന്റെ റജിസ്ട്രേഷൻ നമ്പറും ആർസി ഉടമയുടെ വിവരങ്ങളും സിയ പരസ്യപ്പെടുത്തി.
സംഭവത്തിൽ ഗുരുഗ്രാം പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, താനല്ല തന്റെ സുഹൃത്തായ കല്യാൺ സിങ് ആണ് ആ സമയം കാറോടിച്ചിരുന്നതെന്ന് കാറിന്റെ ഉടമയും മുൻ സൈനികനുമായ മനീഷ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

