പരിസ്ഥിതി ലോല പ്രഖ്യാപനത്തിന്റെ പേരിൽ ജനജീവിതവും കൃഷിയും വീട് നിർമ്മാണവും പൂർണ്ണമായും സ്തംഭിക്കുമെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് കോന്നി പ്രകൃതി സംരക്ഷണ സമിതി യോഗം വ്യക്തമാക്കി. നിലവിലുള്ള സാഹചര്യത്തിൽ കർഷകർക്ക് കാർഷിക വിളകൾ വിളവെടുക്കുന്നതിനും വിൽക്കുന്നതിനും യാതൊരു തടസ്സവുമില്ല.
ചെറിയ ഡയറി ഫാമുകൾ, കോഴി ഫാമുകൾ എന്നിവ ആരംഭിക്കുന്നതിനും നിലവിലുള്ള വീടുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കിണർ കുഴിക്കുന്നതിനും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനും വേലി അല്ലെങ്കിൽ മതിൽ നിർമ്മിക്കുന്നതിനും തടസ്സങ്ങളൊന്നുമില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കൂടാതെ, കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, തീറുവാങ്ങൽ, വിൽക്കൽ, പണയം വയ്ക്കൽ തുടങ്ങിയ ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾക്കും നിയമപരമായി യാതൊരുവിധ നിയന്ത്രണങ്ങളുമില്ല.
റോഡുകളുടെ ടാറിങ്, അറ്റകുറ്റപ്പണികൾ, തെരുവു വിളക്കുകൾ സ്ഥാപിക്കൽ, വൈദ്യുതി – ഇന്റർനെറ്റ് ലൈനുകൾ വലിക്കൽ തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളെല്ലാം തദ്ദേശ സ്ഥാപനങ്ങൾ വഴി തുടർന്നും തടസ്സമില്ലാതെ നടത്താവുന്നതാണ്. കൃത്യമായ ഗ്രൗണ്ട് സർവേയിലൂടെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും കയ്യേറിയ റവന്യു – വനഭൂമി തിരിച്ചുപിടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് അനുമതിയുള്ളത്, എന്തിനൊക്കെയാണ് നിയന്ത്രണങ്ങൾ ബാധകമാകുന്നത് തുടങ്ങിയ കാര്യങ്ങളിൽ ശരിയായ ബോധവൽക്കരണം അടിയന്തരമായി നടപ്പാക്കാൻ റവന്യു – വനം വകുപ്പ് അധികാരികൾ രംഗത്തിറങ്ങണമെന്നും സമിതി അഭ്യർത്ഥിച്ചു. കോന്നിയിൽ നടന്ന യോഗത്തിൽ സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു.
എസ്.കൃഷ്ണകുമാർ, എസ്.അഞ്ജിത, കെ.എസ്.ദിലീപൻ, അനിൽകുമാർ, എ.ബിനു, പി.വിനോദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

